crime

കൊല്ലം: രാത്രിയായാൽ കൊല്ലം നഗരത്തിന്റെ മുഖവും ഭാവവും മാറും. പിന്നെയത് മോഷ്ടാക്കളുടെയും പിടിച്ചുപറിക്കാരുടെയും ലൈംഗിക തൊഴിലാളികളുടെയും സ്വൈരവിഹാര കേന്ദ്രമാണ്. തോക്ക് ചൂണ്ടി മാല കവരാൻ വരെ കെല്പുള്ള അക്രമികൾ നഗരത്തിൽ തലപൊക്കിയിട്ടും ചെറുവിരൽ പോലുമനക്കാനാകാതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ് അധികൃതർ.

നഗരത്തിന് അവശ്യം വേണ്ട തെരുവ് വിളക്കുകൾ പോലും കൃത്യമായി തെളിക്കാൻ കഴിയാത്ത നഗരസഭ അക്രമികൾക്ക് വളരാൻ പശ്ചാത്തല സൗകര്യം ഒരുക്കുകയാണ്. തൊട്ടതിനും പിടിച്ചതിനും സാധാരണക്കാർക്ക് നേരെ അനാവശ്യ നടപടികൾ സ്വീകരിച്ച പൊലീസാകട്ടെ, ഇരുളിന്റെ മറവിൽ പതിയിരിക്കുന്ന സാമൂഹ്യവിപത്തിനെ അടിച്ചമർത്തുന്നതിൽ പരാജിതരാണ്.

ലിങ്ക് റോഡ്, ആശ്രാമം മൈതാനം, റെയിൽവേ സ്റ്റേഷൻ, ചിന്നക്കട ട്രാഫിക് റൗണ്ട് തുടങ്ങിയ ഇടങ്ങളിലെല്ലാം ലൈംഗിക തൊഴിലാളികളും സ്വവർഗരതിക്കാരും തമ്പടിച്ചു. സ്ത്രീവേഷം കെട്ടിയ പുരുഷന്മാരും സാമ്പത്തിക ചൂഷണം ലക്ഷ്യമിട്ട് നിരത്തുകളിലുണ്ട്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ളവരെ ഉപയോഗിച്ച് ലഹരി വിൽപ്പനയും സജീവമാണ്. പൊലീസ് ഉദ്യോഗസ്ഥർ പോലും ഇവർക്കെതിരെ നടപടിയെടുക്കാൻ മടിക്കുകയാണ്.

ഇവർക്കൊപ്പം ഇരുളിന്റെ മറവിൽ ഗുണ്ടാ സംഘങ്ങളും നഗരത്തിൽ വിലസുന്നുണ്ട്. അടുത്തിടെ നഗരത്തിലുണ്ടായ വിവിധ ക്രിമിനൽ കേസുകളിലെല്ലാം ഇത്തരക്കാരുടെ സാന്നിദ്ധ്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ആഴ്ചകൾക്ക് മുമ്പ് ലിങ്ക് റോഡിൽ ഒരാൾക്ക് കുത്തേറ്റത് ഗുണ്ടകളുമായുള്ള വാക്കേറ്റത്തെ തുടർന്നായിരുന്നെന്ന് പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.

ഒരുമാസത്തിനിടെ നിരവധി മോഷണങ്ങളും നഗരത്തിലുണ്ടായി. കൂടുതലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാത്രിയുടെ മറവിലായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആറിലധികം മോഷണങ്ങളും അതിലധികം മോഷണ ശ്രമങ്ങളും നടന്നിട്ടും പല കേസുകളിലും പൊലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. അങ്ങോളമിങ്ങോളം പൊലീസും സ്വകാര്യ വ്യക്തികളുമെല്ലാം നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടും ഇവയുടെയെല്ലാം കണ്ണുവെട്ടിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ മിടുക്ക് അധികൃതരും അറിയാതെ അംഗീകരിച്ചു കൊടുക്കുകയാണ്.