കൊട്ടിയം: നിയന്ത്രണംവിട്ട ബൈക്ക് നിറുത്തിയിട്ടിരുന്ന ലോറിയിലിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു. നെടുമ്പന സ്വദേശിയും സൈനികനുമായ അമൽജിത്തിനാണ് (28) അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 4ന് കൊട്ടിയം തഴുത്തല ജംഗ്ഷനിലായിരുന്നു അപകടം. ഏതാനും ദിവസങ്ങൾക്ക് ശേഷം അമൽജിത്തിന്റെ വിവാഹം നടക്കേണ്ടതായിരുന്നു. ഇതിനായി ലീവിന് നാട്ടിലെത്തിയതാണ്. വിവാഹ ആവശ്യവുമായി ബന്ധപ്പെട്ടുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പരിക്ക് അതീവ ഗുരുതരമായതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.