ഇന്നലെ 1080 പേർക്ക് കൊവിഡ്
കൊല്ലം: ജില്ലയിൽ രണ്ടാം തവണ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 1,080 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 10ന് 1,107 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഒക്ടോബർ 10ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നപ്പോൾ 1,022 പേർ രോഗമുക്തരായിരുന്നു. എന്നാൽ ഇന്നലെ 158 പേർ മാത്രമാണ് രോഗോമുക്തരായത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ വിദേശത്ത് നിന്നും അഞ്ചുപേർ ഇതരസംസ്ഥാനത്ത് നിന്നും വന്നതാണ്. ആറ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 1,073 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.
ടെസ്റ്റ് പോസിറ്റിവിറ്റി 11.90
11.90 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പരിശോധനകളുടെ എണ്ണം വർദ്ധിക്കുന്നതിന് അനുസരിച്ച് രോഗികളുടെ എണ്ണവും ഉയരുകയാണ്. ആദ്യവ്യാപന കാലത്തേത് പോലെ കൊവിഡ് സ്ഥിരീകരിച്ച ഒരാളുമായി സമ്പർക്കത്തിലേർപ്പെട്ടവരെയെല്ലാം കണ്ടെത്തി ഇപ്പോൾ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. വിവിധ സ്ഥലങ്ങളിൽ മെഗാ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് പരിശോധന. രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കി പരിശോധന നടത്തിയാൽ രോഗബാധിതരുടെ എണ്ണം ഏറെ ഉയരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ഇന്നലെ: 11.90 %
22ന്- 13.42%
21ന്- 13.04%
ആകെ കൊവിഡ് ബാധിച്ചവർ: 1,02,501
നിലവിൽ ചികിത്സയിലുള്ളവർ: 5,410
രോഗമുക്തർ: 96,699
മരണം: 368