കൊല്ലം: തൃക്കരുവ എസ്.എൻ.വി സംസ്കൃത ഹൈസ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാളെ രാവിലെ 11ന് സംഘടിപ്പിക്കുന്ന കവിഅരങ്ങ് കവി കുരീപ്പുഴ ശ്രീകുമാർ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ കാവിള എം. അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും. കവികളായ ഡോ. മുഞ്ഞിനാട് പത്മകുമാർ, രാജൻ കൈലാസ്, ബാബു പാക്കനാർ, രാധാമണി ഭോപ്പാൽ, ആശ്രാമം ഓമനക്കുട്ടൻ, അപ്സര ശശികുമാർ, ശൈലജ, കുരീപ്പുഴ ഫ്രാൻസിസ്, അക്ബർ ഷാ തുടങ്ങിയവർ പങ്കെടുക്കും.
മികച്ച വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട നജുമുദ്ദീന് റിട്ട. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ജി. വിശ്വനാഥൻ, അദ്ദേഹത്തിന്റെ മാതാവ് എം.കെ. രാധ എന്നിവരുടെ സ്മരണാർത്ഥം മകൻ വി. പവിത്രൻ ഏർപ്പെടുത്തിയിട്ടുള്ള കാഷ് അവാർഡ് സമ്മാനിക്കും.
സ്കൂൾ ഹെഡ്മിസ്ട്രസ് എം.കെ. അനിത, ഓഫീസ് സ്റ്റാഫുകളായ എസ്. അബീന, ടി.എസ്. ഷാ തുടങ്ങിയവർ സംസാരിക്കും.