കൊല്ലം: അമ്മയെയും മൂന്ന് വയസുള്ള കുഞ്ഞിനെയും വീട്ടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. തൊടിയൂർ പുലിയൂർവഞ്ചി തെക്ക്, ഇടക്കുളങ്ങര (വൈപ്പിൻകര) ബിനു നിവാസിൽ സുനിൽകുമാറിന്റെ ഭാര്യ സൂര്യ (35), മകൻ ആദിദേവ് (3) എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സുനിൽകുമാറും ഭാര്യയും കുഞ്ഞുമാണ് ഈ വിട്ടിൽ താമസിച്ചിരുന്നത്. സുനിൽകുമാർ കൊല്ലത്ത് കട നടത്തുകയാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീടിന് പുറത്ത് കണ്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, വൈകിട്ടോടെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനാൽ ബന്ധുക്കൾ വീട്ടിൽ അന്വേഷിച്ചു. കതക് അടച്ച നിലയിലായിരുന്നു. ഏറേ നേരം വിളിച്ചിട്ടും കേട്ടില്ല. ഒടുവിൽ വൈകിട്ട് ഏഴരയോടെ സമീപവാസികൾ ജനൽചില്ലുകൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളിൽ കഴുത്തിൽ മുറിവേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്.
കരുനാഗപ്പള്ളി എ.സി.പി സജീവ്, എസ്.എച്ച്.ഒ വിൻസെന്റ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഇന്ന് ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും ഉൾപ്പെടെ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയിട്ടേ മൃതദേഹങ്ങൾ മാറ്റു. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.