kmml

 വിതരണം തെക്കൻ കേരളത്തിൽ

കൊല്ലം: മഹാമാരി ശ്വാസം മുട്ടിക്കുന്ന കൊവിഡ് രോഗികൾക്ക് പ്രാണവായു പകർന്നുനൽകി സർക്കാർ സ്ഥാപനം. വർദ്ധിച്ചുവരുന്ന ഓക്സിജൻ പ്രതിസന്ധിക്ക് കൈത്താങ്ങാവുകയാണ് ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ്.

ഇതുവരെ ആയിരം ടൺ ഓക്‌സിജൻ കെ.എം.എം.എൽ സർക്കാരിന് കൈമാറി. ഉത്പാദന ചെലവേറെയാണെങ്കിലും ഒരു ടണ്ണിന് സർക്കാർ നിശ്ചയിച്ചിട്ടുള്ള വിലയിൽ നിന്ന് 1,500 രൂപ കുറച്ചാണ് നൽകുന്നത്. 11,500 രൂപയാണ് സർക്കാർ നിശ്ചയിച്ച വില. നാടിന്റെ ആവശ്യമായതിനാൽ വില കുറച്ച് നൽകാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഒരു ദിവസം വേണ്ട ഓക്‌സിജന്റെ പത്ത് ശതമാനമാണ് കെ.എം.എം എൽ നൽകുന്നത്. കൂടുതലും തെക്കൻ കേരളത്തിലെ ആശുപത്രികളിലാണ് വിതരണം ചെയ്യുന്നത്. കേരളത്തിൽ പൊതുമേഖലയിൽ ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന ഏക സ്ഥാപനം കൂടിയാണ് കെ.എം.എം.എൽ. കേന്ദ്ര വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്ടി ഓർഗനൈസേഷന്റെ നിർദേശപ്രകാരമാണ് കെ.എം.എം.എൽ ഓക്‌സിജൻ കൈമാറുന്നത്.

 പ്രതിദിന ഉത്പാദനം 70 ടൺ


50 കോടി മുടക്കിയാണ് കെ.എം.എം.എൽ കഴിഞ്ഞ ഒക്ടോബറിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം 70 ടൺ ഓക്‌സിജൻ ഉത്പാദിപ്പിക്കും. 63 ടൺ കമ്പനിയുടെ വ്യവസായ ആവശ്യത്തിന് മാറ്റിവയ്ക്കും. ഇത് വാതക രൂപത്തിലുള്ള ഓക്‌സിജനാണ്. ഏഴ് ടൺ മാത്രമാണ് ദ്രവരൂപത്തിലുള്ളത്. ഇതാണ് ശ്വസിക്കുന്നതിനുള്ള ഏറ്റവും ശുദ്ധമായ ഓക്‌സിജൻ. ഇത് മുഴുവനായും സർക്കാരിന് കൈമാറുകയാണ്.

 ഓക്സിജൻ പ്ളാന്റ് ഉദ്ഘാടനം: 2020 ഒക്ടോബർ 10ന്

 ഉത്പാദനം ആരംഭിച്ചത്: ഒക്ടോബർ 19ന്
 ദ്രവീകൃത ഓക്‌സിജൻ ഉത്പാദനം: 1,015 ടൺ (ഒക്ടോബർ 19 - ഏപ്രിൽ 23)
 ഒരുടണ്ണിന് സർക്കാർ നിശ്ചയിച്ച വില: 11,500 രൂപ
 നൽകുന്നത്: 10,000 രൂപയ്ക്ക്

 ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് പ്ളാന്റ് ശേഷി: 36,000 ടൺ
 ഒരു ദിവസത്തെ പ്രവർത്തനത്തിന് വേണ്ടത്: 63 ടൺ വാതക ഓക്‌സിജൻ

''

വിലകുറച്ച് ശുദ്ധമായ ഓക്‌സിജൻ നൽകുന്നതിലൂടെ സാമൂഹ്യ സേവനമാണ് കമ്പനി ലക്ഷ്യമിടുന്നത്. മഹാമാരിയുടെ കാലത്ത് സർക്കാരിനും ജനത്തിനും കൈത്താങ്ങാകേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണ്.

ജെ. ചന്ദ്രബോസ്, മാനേജിംഗ് ഡയറക്ടർ

കെ.എം.എം.എൽ