കൊല്ലം: രാത്രി ഏഴരയ്ക്കും എട്ടിനുമിടയിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലൂടെ മൂന്ന് ട്രെയിനുകളാണ് കടന്നുപോകുന്നത്. ധാരാളം യാത്രക്കാർ കൊല്ലത്ത് ഇറങ്ങാനുണ്ടാകും. വിവിധയിടങ്ങളിലേക്ക് ബസുകളിൽ പോകേണ്ടവരാണ് ഇവരിലധികവും. ചിന്നക്കടയിലേക്ക് എളുപ്പത്തിലെത്താൻ കൂടുതൽപേരും എഫ്.സി.ഐ ഗോഡൗണിന് സമീപത്തുകൂടി പ്രസ് ക്ലബിന് മുന്നിലെത്തി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയാണ് പതിവ്.
ഈ സമയം ഗോഡൗണിന് സമീപത്ത് തിളങ്ങുന്ന പാർട്ടിവെയർ വസ്ത്രങ്ങൾ ധരിച്ച് സ്ത്രീകളെന്ന് തോന്നിക്കുന്ന കുറച്ചുപേരുണ്ടാകും. ചെറുപ്പക്കാരിൽ ആരെങ്കിലും ഒന്നുനോക്കിയാൽ ഇവർ അടുത്തേക്ക് വരും. എന്നിട്ട് ജാള്യതയില്ലാതെ പറയും, '500 രൂപ തന്നാൽ ഞാൻ കൂടെവരാം.' എന്തിനെന്ന മറുചോദ്യം വേണ്ട, തുക പറയുന്നതിനൊപ്പം കാര്യവും അവർ തന്നെ വിശദീകരിച്ചു തന്നോളും. സ്വവർഗരതിയിൽ താത്പര്യമുള്ളവരെ തേടിയിറങ്ങിയതാണവർ. അവരെ തേടിയെത്തുന്നവരുമുണ്ട്. കൂട്ടത്തിൽ ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തുന്നവരുമുണ്ടാകും. താത്പര്യമില്ലെങ്കിൽ മിണ്ടാതെ കടന്നുപോകുന്നതാണ് നല്ലത്. എതിർപ്പ് പ്രകടിപ്പിക്കാനോ ഉപദേശിക്കാനോ നിന്നാൽ ശരീരം കേടാകും. കൈയിലുള്ള പണവും ഇക്കൂട്ടർ കവർന്നെടുക്കും.
കുറച്ചധികം കാലമായി കൊല്ലം നഗരത്തിലെ അരങ്ങേറുന്ന കലാപരിപാടിയാണിത്. തൊട്ടടുത്ത് പൊലീസ് പട്രോളിംഗും പോയിന്റ് ഡ്യൂട്ടിയുമൊക്കെ ഉണ്ടെങ്കിലും ഇക്കൂട്ടർക്ക് തെല്ലും ഭയവുമില്ല അങ്കലാപ്പുമില്ല. പൊലീസ് ഇങ്ങോട്ട് തിരിഞ്ഞുനോക്കില്ലെന്ന ഉറപ്പുണ്ട്. റെയിൽവേ പരിസരമായതിനാൽ സിറ്റി പൊലീസ് ഈ ഭാഗത്തേക്ക് അധികം ശ്രദ്ധിക്കാറില്ല. ഇത്തരക്കാരുടെ അതിക്രമങ്ങൾ ഇരയായി പഴ്സും പണവും നഷ്ടമായ നിരവധി യാത്രക്കാർ പരാതി ഉന്നയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആക്ഷേപവും ശക്തമാണ്.
റെയിൽവേ പ്ലാറ്റ്ഫോം കഴിഞ്ഞാൽ പ്രസ് ക്ലബിന് സമീപത്ത് മാത്രമാണ് അല്പമെങ്കിലും വെളിച്ചമുള്ളത്. ഇരുളിന്റെ മറവിൽ പതിയിരിക്കുന്ന ചതികളെപ്പറ്റി കൂടുതലാരും ബോധവാന്മാരല്ലാത്തതാണ് ഇക്കൂട്ടർക്ക് വളരാൻ അവസരമൊരുക്കുന്നത്. അധികം സമയവും തുകയും ചെലവായാലും സാരമില്ല, തടികേടാകരുതെന്ന ചിന്തയിൽ പുതിയകാവ് ക്ഷേത്രത്തിന് മുന്നിലെത്തിയാണ് സ്ഥിരം യാത്രക്കാർ വീട്ടിലേക്ക് മടങ്ങുന്നത്.