c

ചാത്തന്നൂർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന കല്ലുവാതുക്കൽ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ കർശനമാക്കി അധികൃതർ. ഇപ്പോൾ കൊവിഡ് സ്ഥീരീകരിച്ചവരും നിരീക്ഷണത്തിൽ കഴിയുന്നവരും ഏറെയുള്ള എഴിപ്പുറം, വേളമാനൂർ, മേവനക്കോണം, പുതിയപാലം വാർഡുകൾ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു.

സംസ്ഥാത്തിന് പുറത്തുനിന്ന് വരുന്ന പ്രദേശവാസികൾക്ക് ക്വാറന്റൈ നിർബന്ധമാക്കി. വാർഡുതല സമിതികളുടെ മോണിട്ടറിംഗ് ശക്തമാക്കി. പരിശോധനകൾക്കും വാക്സിനേഷനുമുള്ള സൗകര്യം അതത് വാ‌ഡുകളിലെ പ്രവർത്തകസമിതിയും ജാഗ്രതാസമിതിയും ആരോഗ്യ-ആശാ പ്രവർത്തകരും ഉറപ്പാക്കുന്നുണ്ട്.

രോഗം ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് മരുന്നും അവശ്യസാധനങ്ങളും എത്തിച്ച് തുടങ്ങി. വാർഡ് അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ, പൊലീസ് സേനാംഗങ്ങൾ, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവർ ഇന്നലെ പഞ്ചായത്തുതല ജാഗ്രതാസമിതി ചേർന്ന് സ്ഥിതിഗതി വിലയിരുത്തി.