പടിഞ്ഞാറേ കല്ലട: പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്തിലെ ഐത്തോട്ടുവ 12-ാം വാർഡിൽ 20 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 68 പേർക്ക് ആന്റിജൻ ടെസ്റ്റും 46 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റുമാണ് നടത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ തൊഴിലുറപ്പ് ജോലികൾ പൂർണമായും നിറുത്തിവയ്ക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചു. വരും ദിവസങ്ങളിൽ ജോലി തുടരുന്ന കാര്യത്തിലും അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല.
കേന്ദ്ര സർക്കാർ നിയമപ്രകാരം ഒരു തൊഴിലാളിക്ക് വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ നൽകിയിരിക്കണം. പഞ്ചായത്ത് 14 ദിവസത്തേക്കാണ് മസ്റ്റർ റോൾ തയ്യാറാക്കുന്നത്. മസ്റ്റർ റോൾ തയ്യാറാക്കിയതിനു ശേഷം 14 ദിവസത്തിൽ കുറവ് ജോലി ചെയ്താൻ 100 തൊഴിൽ ദിനങ്ങൾ എന്ന പട്ടികയിൽ നിന്ന് അവർ ഒഴിവാകും. അങ്ങനെ സംഭവിച്ചാൽ അവർക്ക് ഓണക്കാലത്തെ ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത സ്ഥിതിവരും.
കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തൊഴിൽ നൽകുന്ന കാര്യത്തിൽ ചർച്ചകൾക്ക് ശേഷം തീരുമാനം കൈക്കൊള്ളുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.
അതീവജാഗ്രത പുലർത്തണം
കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും അതീവജാഗ്രത പുലർത്തണം. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകൽ, സാനിറ്റൈസർ, മാസ്ക് തുടങ്ങിയവ ഉപയോഗിക്കൽ, സാമൂഹ്യ അകലം പാലിക്കൽ തുടങ്ങിയവ വളരെ പ്രധാനമാണെന്ന് പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് അധികൃതർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച തൊഴിലുറപ്പ് തൊഴിലാളികളുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണം.
ചൊവ്വ, ശനി ദിവസങ്ങളിൽ പടി. കല്ലട കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൊവിഡ് ടെസ്റ്റ് നടത്താൻ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രദേശവാസികൾക്ക് 04762967004 എന്ന ഫോൺ നമ്പരിൽ കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാം.
ഡോ. അമൃത് എസ്. വിഷ്ണു
ചീഫ് മെഡിക്കൽ ഓഫീസർ
കുടുംബാരോഗ്യ കേന്ദ്രം
പടിഞ്ഞാറേ കല്ലട