തൊടിയൂർ: പതിറ്റാണ്ടുകൾക്ക് മുമ്പ് നാട്ടിൻപുറങ്ങളിൽ സർവസാധാരണമായിരുന്നു ഓലപ്പുരകളും പലകപ്പുരകളും. ഇഷ്ടികയോ കല്ലോ ഉപയോഗിച്ച് നിർമ്മിച്ച വീടുകൾ അക്കാലത്ത് വളരെ ചുരുക്കമായിരുന്നു. ജന്മികുടുംബങ്ങൾ പോലും വസിച്ചിരുന്നത് തടി ഉപയോഗിച്ച് നിർമ്മിച്ച നാലുകെട്ടുകളിലായിരുന്നു. കോൺക്രീറ്റ് കെട്ടിടങ്ങൾ സജീവമായതോടെ പഴമയുടെ അടയാളമായ ഇത്തരം പലകപ്പുരകൾ പതിയെ അപ്രത്യക്ഷമായി. എന്നാൽ തൊടിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കാലത്തിന്റെ ശേഷിപ്പായി തകരഷീറ്റ് മേഞ്ഞ ഒരു പഴയകാല പലകപ്പുര ഇപ്പോഴും കാണാം. 75 വയസുള്ള കർഷക തൊഴിലാളിയായ കുറ്റിപ്പുറത്ത് വീട്ടിൽ രവീന്ദ്രൻ പിള്ളയാണ് അവിടെ താമസക്കാരൻ. തനിച്ചാണിപ്പോൾ താമസം. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് ആൺമക്കളും രണ്ടു കിലോമീറ്റർ അകലെ മുഴങ്ങോടിയിൽ ഭാര്യയുടെ കുടുംബവീട്ടിലാണ് താമസം. പരസ്പരം പിണക്കമോ അകൽച്ചയോ ഇല്ല. മക്കൾ
ഇടയ്ക്ക് അച്ഛനെ കാണാൻ കുറ്റിക്കാട്ടിലെ വീട്ടിലെത്തും.
കൗതുകക്കാഴ്ചയാണ് ഈ പലകപ്പുര
ഈ വീട് വിട്ടുപോകാനോ ഇവിടെ മറ്റൊരു വീട് നിർമ്മിച്ച് താമസിക്കാനോ രാമചന്ദ്രൻ പിള്ള തയ്യാറല്ല. ജനകീയാസൂത്രണ പദ്ധതിയിൽ രവീന്ദ്രൻ പിള്ളയ്ക്ക് വീടുനൽകാമെന്ന് തൊടിയൂർ പഞ്ചായത്ത് അധികൃതർ നേരത്തേ അറിയിച്ചിരുന്നെങ്കിലും സ്നേഹപൂർവം അദ്ദേഹം അത് നിരസിക്കുകയായിരുന്നു. ഇടക്കാലത്ത് നിർമ്മിച്ച എരുത്തിലിനോട് (കാലിത്തൊഴുത്ത് ) ചേർന്ന മുറിയിലാണ് രവീന്ദ്രൻപിള്ള ഇപ്പോൾ അന്തിയുറങ്ങുന്നത്. തനിക്കേറെ പ്രിയപ്പെട്ട ഈ വീട് ഇതേ പോലെ നിലനിറുത്താനാണ് ഇദ്ദേഹത്തിന് താത്പര്യം. പുതിയ തലമുറയ്ക്ക് മുന്നിൽ ഈ പലകപ്പുര കൗതുകക്കാഴ്ചയായി മാറുകയാണ്.