കൊട്ടാരക്കര: കൊവിഡ് വാക്സിനേഷൻ സെന്ററുകളിൽ തിക്കും തിരക്കും വാക്കേറ്റവും. കുളക്കടയിലും ശ്രീനാരായണ പുരത്തും പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. പൂവറ്റൂരിലുള്ള കുളക്കട സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സൗജന്യ വാക്സിനേഷൻ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രാവിലെ തന്നെ എത്തിച്ചേർന്നവർ മണിക്കൂറുകളോളം കാത്തിരുന്നശേഷം നിരാശരായി മടങ്ങി.രാവിലെ 7 മണിമുതൽ തന്നെ ഓൺലൈൻ രജിസ്ട്രേഷൻ ലഭിച്ചവരും സ്പോട്ട് രജിസ്ട്രേഷനെടുക്കാനെത്തിവരും രജിസ്ട്രേഷനില്ലാതെ വാക്സിനേഷനെടുക്കാനെത്തിയവരും ഉൾപ്പടെ മുന്നൂറിലധികം പേർ പ്രഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയിരുന്നു. വന്നവരുടെ വിവരങ്ങൾ അന്വേഷിക്കാതെ ആശാ വർക്കർമാർ എല്ലാവർക്കും ഒന്നുപോലെ ടോക്കൺ നൽകി കഴിഞ്ഞപ്പോഴാണ് ആരോഗ്യ പ്രവർത്തകർ എത്തിയത്. ഇന്നത്തേക്ക് രജിസ്ട്രേഷൻ ലഭിച്ചവർക്കുമാത്രമേ വാക്സിനേഷൻ ലഭിക്കൂ എന്നറിയിച്ചതോടെയാണ് തർക്കം ആരംഭിച്ചത്. പുത്തൂരിൽ നിന്ന് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

പുത്തൂർ ശ്രീനാരായണപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും ഇപ്രകാരം പൊലീസ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്.