photo
വിജനമായ കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്

കരുനാഗപ്പള്ളി: കൊവിഡിന്റെ കണ്ണി മുറിക്കാൻ സർക്കാർ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണം ഇന്നലെ കരുനാഗപ്പള്ളിയിൽ ഹാർത്താലിന്റെ പ്രതീതി സൃഷ്ടിച്ചു. കരുനാഗപ്പള്ളി ടൗണും കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡും ഇന്നലെ രാവിലെ മുതൽ വിജനമായിരുന്നു. യാത്രക്കാർ കുറവായിരുന്നെങ്കിലും 25 ഓളം കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തി. കട കമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളും ബാങ്കിംഗ് മേഖലയും പ്രവർത്തിക്കാത്തതിനാൽ ആളുകൾ ടൗണിലേക്ക് എത്തിയതേയില്ല. ഓട്ടോറിക്ഷകളും സ്വകാര്യ ബസുകളും നിരത്തിൽ ഇറങ്ങിയില്ല. മെഡിക്കൽ സ്റ്റോറുകളും പഴക്കടകളും മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്.

കർശന നിയന്ത്രണങ്ങളുമായി പൊലീസ്

ദേശീയപാതയിലും ഗ്രാമപ്രദേശങ്ങളിലും കർശന നിയന്ത്രണങ്ങളുമായി പൊലീസ് രംഗത്തെത്തിയിരുന്നു. വ്യക്തമായ കാരണമില്ലാതെ ദേശീയപാതയിൽ എത്തിയ വാഹനങ്ങൾ പൊലീസ് തിരിച്ചയച്ചു. ദേശീയപാതയിൽ കരോട്ട് ജംഗ്ഷൻ, ഹൈസ്കൂൾ ജംഗ്ഷൻ, പുതിയകാവ് ചങ്ങൻകുളങ്ങര, ഓച്ചിറ എന്നിവിടങ്ങളിൽ ശക്തമായ പരിശോധനയാണ് പൊലീസ് നടത്തിയത്. രണ്ട് ദിവസം നിയന്ത്രണം പ്രഖ്യാപിച്ചതിനാൽ ടൗണിലെ എ.ടി.എം കൗണ്ടറുകൾ കാലിയായി.