കൊട്ടാരക്കര: വിശ്വാസികൾക്ക് റംസാൻ പുണ്യമാണ് നോമ്പുകഞ്ഞി. എന്നാൽ കൊട്ടാരക്കരക്കാരിൽ ഇത് മതസൗഹാർദ്ദത്തിന്റെ കഞ്ഞികൂടിയാണ്. കൊട്ടാരക്കര ജുംഅ മസ്ജിദിൽ ഒരുക്കുന്ന നോമ്പുകഞ്ഞിയ്ക്കാണ് കൂടുതൽ പ്രിയം. പച്ചരി, ചുക്ക്, ഉലുവ, ഗ്രാമ്പു, ജീരകം, മഞ്ഞൾ, വെളുത്തുള്ളി, കുരുമുളക്, മല്ലി, കശുഅണ്ടി പരിപ്പ്, പച്ചമുളക്, കൈതച്ചക്ക, ഉപ്പ്, തക്കാളി, കാരറ്റ്, മല്ലിയില, കറിവേപ്പില, ഏലയ്ക്ക, കറുകപ്പട്ട, നെയ്യ്, മുന്തിരി, തേങ്ങ, സവാള തുടങ്ങി ഒട്ടേറെ ചേരുവകളുള്ള നോമ്പുകഞ്ഞി ഔഷധ കഞ്ഞിയുമാണ്. നോമ്പുകാലത്ത് ഉമിനീരുപോലും ഇറക്കാതെ പകൽനേരം പ്രാർത്ഥനയോടെ തള്ളിനീക്കുന്നവർക്ക് വൈകിട്ട് നോമ്പുകഞ്ഞി പുത്തൻ ഉണർവേകും. ശരീരത്തിനും മനസിനും നവോന്മേഷം പകരുന്ന നോമ്പുകഞ്ഞികുടിയ്ക്കാനായി പുറമെ നിന്ന് ആളുകളെത്താൻ തുടങ്ങിയത് അടുത്തകാലത്താണ്. ഇപ്പോൾ നോമ്പുകഞ്ഞി കുടിയ്ക്കാൻ ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും കൊട്ടാരക്കര ജുംഅ മസ്ജിദിലെത്തും. അതിഥികൾക്ക് വിളമ്പാനാണ് വിശ്വാസികൾക്ക് കൂടുതൽ താത്പര്യം.
മുപ്പതിനായിരം രൂപ ചെലവ്
എഴുപത് കിലോ അരിയുടെ കഞ്ഞിയാണ് ദിവസേന ഇവിടടെ വയ്ക്കുക. ഒരു ദിവസത്തെ കഞ്ഞിവെപ്പ് ചെലവ് മുപ്പതിനായിരം രൂപ വരും. വർഷങ്ങളായി മുടങ്ങാതെ എല്ലാ റംസാനിലും കഞ്ഞി വച്ച് നൽകുന്ന മുപ്പതോളം കുടുംബങ്ങൾ ജമാ അത്ത് അംഗങ്ങളിൽ തന്നെ ഉണ്ട്. ഇവരിൽ ആരെങ്കിലും ഒരു ദിവസം മാറിയാൽ അന്നത്തെ കഞ്ഞി വച്ച് നൽകാൻ നിരവധി അംഗങ്ങൾ മുന്നോട്ട് വരും. ഇവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് അടുത്തയാൾക്ക് അവസരം.
കഞ്ഞിയോടൊപ്പം നോമ്പ് തുറയ്ക്കായുള്ള പഴവർഗങ്ങളും പലഹാരങ്ങളും അടങ്ങിയ ഇഫ്താർ കിറ്റും പള്ളിയിൽ നിന്ന് നൽകുന്നുണ്ട് . ഇതിന് ഒരു ദിവസം പതിനയ്യായിരത്തോളം രൂപ ചെലവ് വരും. കൊട്ടാരക്കര ജമാഅത്തിനെ കീഴിലുള്ള 9 ചെറിയ പള്ളികളിലും ഇത്തരത്തിൽ നോമ്പ് കഞ്ഞി നൽകുന്നുണ്ട്.