photo
കരുനാഗപ്പളളി താലൂക്ക് ആശുപത്രിയിൽ ഇന്നലെ കൊവിഡ് വാക്സിൻ എടുക്കാൻ എത്തിയവരുടെ തിരക്ക്

കരുനാഗപ്പള്ളി: ഓൺലൈൻവഴി രജിസ്റ്റ‌ർ ചെയ്ത ശേഷം കൊവിഡ് വാക്സിനെടുക്കാൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തുന്നവർക്ക് കുറ്റമറ്റ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. ഓൺലൈൻവഴി വഴി രജിസ്റ്റർ ചെയ്തവർ ഇന്നലെ രാവിലെ 7 മണി മുതൽ വാക്സിനെടുക്കാനായി ആശുപത്രിയിൽ എത്തിയിരുന്നു. 8 മണിക്ക് വാക്സിനേഷൻ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ 10 മണിയായിട്ടും വാക്സിൻ നൽകുന്നതിനുള്ള പ്രവർത്തനം ആരംഭിക്കാനായില്ല. ഇതോടെ വാക്സിൻ എടുക്കാൻ എത്തിയവരെയും ഇവരുടെ കൂടെവന്നവരെയുംകൊണ്ട് ആശുപത്രി പരിസരം നിറഞ്ഞു. തുടർന്ന് ചെറിയ രീതിയിൽ പ്രതിഷേധവും ഉയർന്നു. ജനങ്ങൾക്ക് അകലം പാലിച്ച് ഇരിക്കാനുള്ള സൗകര്യം ആശുപത്രിയിൽ ഏർപ്പെടുത്തിയിരുന്നില്ല. വരും ദിവസങ്ങളിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും വാക്സിനേഷൻ കൃത്യ സമയത്ത് ആരംഭിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.