പുനലൂർ: കൊവിഡ് രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച പൊതുഅവധി പുനലൂരിലും സമീപത്തെ പഞ്ചായത്തുകളിലും ലോക്ഡൗണിന്റെ പ്രതീതിയാണ് അനുഭവപ്പെട്ടത്. പൊതുഅവധി പ്രഖ്യാപിച്ചതോടെ പുനലൂർ ടൗൺ രാവിലെ മുതൽ വിജനമായിരുന്നു. പട്ടണത്തിലെ മെഡിക്കൽ സ്റ്റോർ അടക്കം അത്യാവാശ്യ സാധനങ്ങൾ വാങ്ങുന്ന കടകൾ ഒഴിച്ചാൽ മറ്റൊരു സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിച്ചില്ല. സർക്കാർ,സ്വകാര്യ,പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പൂർണമായും നിലച്ചിരുന്നു. പുനലൂരിൽ ചുരുക്കം ചില സ്വകാര്യവാഹനങ്ങളും ടാക്സിയും ഇരുചക്ര വാഹനങ്ങളും നിരത്തിലിറങ്ങിയെങ്കിലും പൊലീസ് പരിശോധന നടത്തിയ ശേഷമാണ് കടത്തി വിട്ടത്.അനവാശ്യമായി വാഹനങ്ങളുമായി എത്തിയ ചിലരെ പൊലീസ് മടക്കി അയച്ചു. പുനലൂർ സി.ഐ.രാഗേഷിന്റെ നേതൃത്വത്തിലുളള പൊലീസ് ടി.ബി.ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി, കച്ചേരി, പോസ്റ്റ് ഓഫിസ്, ചെമ്മന്തൂർ, മാർക്കറ്റ് തുടങ്ങിയ ടൗണിലെ പ്രധാന ജംഗ്ഷനുകളിലായിരുന്നു വാഹന പരിശോധനകൾ നടത്തിയത്.എന്നാൽ കൊവിഡ് നിയന്ത്രണങ്ങളോടെ പുനലൂരിലെ ശ്രീരാമപുരം മാർക്കറ്റും പലചരക്ക്, മത്സ്യ വ്യാപാരശാലകളും തുറന്ന് പ്രവർത്തിച്ചെങ്കിലും കർശന നിയന്ത്രണങ്ങളെ തുടർന്ന് സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ ടൗണിൽ ഇറങ്ങാതിരുന്നത് ഏറെ ശ്രദ്ധേയമായി.