kseb
kseb

ശാസ്താം കോട്ട: പടിഞ്ഞാറെ കല്ലടയിൽ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് അനുവദിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവിൽ ശാസ്താംകോട്ട സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് പടിഞ്ഞാറെ കല്ലട. കാരാളിമുക്കിൽ മുമ്പ് സബ് എൻജിനിയർ ഓഫീസ് പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീടത് ഓവർസിയർ ഓഫീസ് ആക്കി മാറ്റിയിരുന്നു. ഇതോടെ സ്ഥിരം ജീവനക്കാരില്ലാത്ത വെറുമൊരു ഓഫീസായി മാറി. കാരാളിമുക്ക് കേന്ദ്രമാക്കി സെക്ഷൻ ഓഫീസ് തുറക്കണമെന്ന് നിരവധി തവണ അധികാരികൾക്ക് മുന്നിൽ അപേക്ഷ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.

സെക്ഷൻ ഓഫീസ് വിഭജിക്കണം

താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിലെ സെക്ഷൻ ഓഫീസിലാകട്ടെ ജീവനക്കാർ കുറവാണ്. മൺറോതുരുത്ത് പഞ്ചായത്തിലെ കിടപ്രം വാർഡിലും പടിഞ്ഞാറെ കല്ലടയിലുമുൾപ്പടെ നിലവിൽ വൈദ്യുതി സംബന്ധമായ തകരാറുകൾ പരിഹരിക്കുന്നതിന് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ച് ശാസ്താംകോട്ടയിൽ നിന്ന് ജീവനക്കാരെത്തണം. അതുകൊണ്ട് തന്നെ പടിഞ്ഞാറെ കല്ലടയിലെ തകരാറുകൾ സമയത്ത് പരിഹരിക്കാൻ കഴിയാതെ വരുന്നു. അഞ്ച് പഞ്ചായത്തുകളുടെ വിവിധ മേഖലകളിലായി 25000 അധികം കൺസ്യൂമർ ഉള്ള ശാസ്താംകോട്ട സെക്ഷൻ ഓഫീസ് വിഭജിക്കണമെന്ന് നിരവധി തവണ പ്രൊപ്പോസൽ നൽകിയെങ്കിലും തുടർ നടപടികളുണ്ടായില്ല.

എങ്ങുമെത്താതെ സോളാർ പദ്ധതി

പടിഞ്ഞാറെ കല്ലടയിലെ വിവിധ മേഖലകളിൽ ഫ്ലോട്ടിംഗ് സോളാർ പദ്ധതി നടപ്പിലാവുന്നതോടെ പടിഞ്ഞാറെ കല്ലട കേന്ദ്രമായി സെക്ഷൻ ഓഫീസ് അനുവദിക്കുമെന്ന പ്രതീക്ഷിയിലായിരുന്നു. സോളാർ പദ്ധതി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയെങ്കിലും തുടർ നടപടികളുണ്ടായാല്ല. മൺറോ തുരുത്ത് പഞ്ചായത്തിലെ കിടപ്രം വാർഡും തേവലക്കര പഞ്ചായത്തിന്റെ കിഴക്കൻ മേഖലയും മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ ഭാഗവും പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ഉൾപ്പെടുത്തി കാരാളിമുക്ക് കേന്ദ്രമാക്കി സെക്ഷൻ ഓഫീസ് രൂപീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


ശാസ്താംകോട്ട സെക്ഷൻ ഓഫീസിന്റെ പരിധിയിൽ

പടിഞ്ഞാറെ കല്ലടയുടെ മുഴുവൻ വാർഡുകൾ

ശാസ്താംകോട്ട പഞ്ചായത്തിന്റെ ഒരു വാർഡ് ഒഴികെ മുഴുവൻ വാർഡുകൾ

മൈനാഗപ്പള്ളി പഞ്ചായത്തിലെ വേങ്ങ മേഖലയിലെ വാർഡുകൾ

പോരുവഴി പഞ്ചായത്തിലെ പകുതിയോളം വാർഡുകൾ

കുന്നത്തൂർ പഞ്ചായത്തിലെ പകുതി വാർഡുകൾ

മൺറോതുരുത്ത് പഞ്ചായത്തിലെ കിടപ്രം വാർഡ്