സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി
കൊല്ലം: കൊവിഡ് കരുതലിന്റെ ഭാഗമായി നിയന്ത്രണം കടുപ്പിച്ച ആദ്യദിനത്തിൽ നിരത്തുകൾ വിജനമായി. ഹർത്താൽ പ്രതീതിയാണെങ്കിലും മിക്കയിടങ്ങളിലും സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി.
വിവാഹം, മരണം, വാക്സിനേഷൻ, പരീക്ഷ തുടങ്ങിയവയ്ക്കാണ് ഇന്നലെ ഇളവുകൾ നൽകിയത്.
ഇന്ന് നിയന്ത്രണം കൂടുതൽ കടുപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കൃത്യമായ കാരണം ബോദ്ധ്യപ്പെടുത്താതെ നിരത്തിലിറങ്ങിയവർക്ക് ഇന്നലെ പിഴയീടാക്കി താക്കീത് നൽകി വിട്ടയച്ചു. ഇന്ന് വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
സ്റ്റേഷൻ അതിർത്തികൾ കൂടാതെ പ്രധാന കവലകളിലും ഇടറോഡുകളിലും പൊലീസ് പരിശോധന നടത്തി. റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചും കൺട്രോൾ റൂം, ചീറ്റ സ്‌ക്വാഡ് വാഹനങ്ങളുടെ സഹായത്തോടെയും വിവിധയിടങ്ങളിൽ പട്രോളിംഗ് നടത്തി.
അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാൻ അനുമതിയുണ്ടായിരുന്നെങ്കിലും ഭൂരിഭാഗം കടകളും തുറന്നില്ല. പഴം, പച്ചക്കറി, അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. പ്ലസ്‌ടു ഉൾപ്പെടെ നിരവധി പരീക്ഷകൾ നടന്നതിനാൽ വിദ്യാർത്ഥികളുമായെത്തിയ വാഹനങ്ങളും നിരത്തിലുണ്ടായിരുന്നു.
ജില്ലയിൽ വിവിധയിടങ്ങളിൽ ചില സ്വകാര്യ ബസുകൾ സർവീസ് നടത്തി. നഗരത്തിലും കൊട്ടാരക്കര, പത്തനാപുരം മേഖലകളിലും സ്വകാര്യബസുകൾ സർവീസ് നടത്തിയെങ്കിലും ഗ്രാമീണമേഖലകളിലേക്കുള്ള സർവീസുകൾ ഉണ്ടായിരുന്നില്ല. ദീർഘദൂര കെ.എസ്.ആർ.ടി.സി ബസുകളും ഭാഗീകമായി സർവീസ് നടത്തി.
പുറത്തിറങ്ങണേൽ സത്യവാങ്മൂലം കരുതണം
വാഹന പരിശോധനയിൽ പകർച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ച് ജില്ലയിൽ 2,721 പേർക്കെതിരെ കേസെടുത്തു. 276 പേരെ കസ്റ്റഡിയിലെടുത്തു. അഞ്ച് വാഹനങ്ങൾ പിടികൂടി. ഇന്ന് ഇളവുകളും താക്കീതും നൽകില്ല. പുറത്തിറങ്ങുന്നവർ കാര്യകാരണം വ്യക്തമാക്കുന്ന സത്യവാങ് മൂലം കൈയിൽ കരുതണം. ഇന്നലെ നടത്തിയ പരിശോധനയിൽ മിക്കവർക്കും സത്യവാങ്മൂലം ഉണ്ടായിരുന്നില്ല. അവശ്യസേവനമേഖലയിൽ പ്രവർത്തിക്കുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കണം. ജില്ലാ കളക്ടറുടെ നിർദ്ദേശമനുസരിച്ച് നടത്തിയ താലൂക്ക് തല പരിശോധനകളിൽ കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് 13 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും കൊട്ടാരക്കരയിൽ 38 പേർക്ക് താക്കീത് നൽകുകയും ചെയ്തു.
കേസുകളുടെ എണ്ണം - അറസ്റ്റിലായവർ - കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ
സിറ്റി - 1,895 - 237 - 5
റൂറല്‍ - 826 - 39 - 0