കരുനാഗപ്പള്ളി : കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ സജീവമാക്കാൻ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ, സെക്രട്ടറി വി. വിജയകുമാർ എന്നിവർ അറിയിച്ചു. കൊവിഡ് രജിസ്ട്രേഷനായി എല്ലാ ഗ്രന്ഥശാലകളിലും ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചു.
ആവശ്യക്കാർക്ക് വീടുകളിലെത്തി രജിസ്ട്രേഷൻ നടത്താനുള്ള ക്രമീകരണങ്ങളും ഗ്രന്ഥശാലാ പ്രവർത്തകരുടെ നേതൃത്വത്തിൽ സജ്ജമാക്കും. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവരുടെ വിവരശേഖരണം നടത്തി അവർ വാക്സിനേഷൻ നടത്തിയോ എന്ന് ഉറപ്പുവരുത്തും. ഇതിനായി ഓരോ ഗ്രന്ഥശാലകളിലും 10 പേർ ഉൾപ്പെടുന്ന അക്ഷരസേനയ്ക്ക് രൂപം നൽകി. നേതൃസമിതി കൺവീനർമാർ അതത് പഞ്ചായത്തുകളുടെ ഏകോപനച്ചുമതല വഹിക്കും.
ഗ്രന്ഥശാലാ ഹെൽപ്പ് ഡെസ്കുകളുടെ താലൂക്കുതല ഉദ്ഘാടനം മണപ്പള്ളി, ഉള്ളൂർ ഗ്രന്ഥശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. തഴവ പഞ്ചായത്ത് നേതൃസമതി കൺവീനർ പി. ബൈറ്റ്സ് അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ, എസ്. ശോഭ, കൃഷ്ണൻകുട്ടി, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.