ചവറ: ചവറ വികാസിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച എ. ജോസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചവറ ഗ്രാമ പഞ്ചായത്തിലെ കാൻസർ രോഗികളെ സഹായിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വികാസ് ഒാഡിറ്റോറിയത്തിൽ നടന്നു. കൊവിഡ് നിബന്ധനകൾ പാലിച്ച് നടന്ന ചടങ്ങ് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്ന 40 പേർക്കാണ് ജോസ് ഫൗണ്ടേഷൻ സഹായം നൽകുന്നത്. പുറത്തുനിന്ന് വാങ്ങേണ്ട മരുന്നുകൾ, പോഷകാഹാരം, വസ്ത്രങ്ങൾ, കിടക്കകൾ, മറ്റുപകരണങ്ങൾ തുടങ്ങിയ സഹായങ്ങൾ വികാസിലെ സന്നദ്ധസേവകരുടെ അഞ്ചു സംഘങ്ങൾ എല്ലാ മാസവും വീടുകളിലെത്തിക്കും. പാലിയേറ്റീവ് നഴ്സ്, ഡോക്ടർമാർ എന്നിവരുടെ സേവനവും ലഭ്യമാക്കും.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസീധരൻപിളള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രതീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സി. വസന്തകുമാർ, ഒ. വിനോദ്, ഡോ. റിയാസ് അഹമമദ്, ഡോ. എൽ. വിൻജോസ് എന്നിവർ സംസാരിച്ചു. കെ. ഓമനക്കുട്ടൻ സ്വാഗതവും ആർ. ബാബുപിള്ള നന്ദിയും പറഞ്ഞു.