കൊവിഡ് പ്രതിദിന കണക്കിൽ റെക്കാർഡ്
ഇന്നലെ 1,255 പേർക്ക്
കൊല്ലം: ജില്ലയിലെ കൊവിഡ് പ്രതിദിന കണക്കിൽ പുതിയ റെക്കാർഡ് സൃഷ്ടിച്ച് ജില്ലയിൽ ഇന്നലെ 1,255 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ മൂന്നാം തവണയാണ് ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 10നാണ് ജില്ലയിൽ ആദ്യമായി രോഗം സ്ഥീരിക്കുന്നവരുടെ എണ്ണം ആയിരം കടന്നത്. അന്ന് 1,107 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആയിരം കടന്നത്. 1,080 പേരാണ് രോഗബാധിതരായത്.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും അഞ്ചുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 1,249 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 406 പേർ രോഗമുക്തരായി.
ഈമാസം ഇതുവരെ
ഈമാസം ഇതുവരെ 11,319 പേരാണ് രോഗബാധിതരായത്. 5,639 പേർ രോഗമുക്തരായി. ഈമാസം പകുതിക്ക് ശേഷമാണ് രോഗവ്യാപന നിരക്ക് കുത്തനെ ഉയർന്നത്. കഴിഞ്ഞമാസം അവസാനം 608 പേർ മാത്രമാണ് ജില്ലയിൽ ചികിത്സയിൽ ഉണ്ടായിരുന്നത്. കൊവിഡിനെ ഒരുപരിധി വരെ തളച്ചുവെന്ന ധാരണയിൽ നിൽക്കുമ്പോഴാണ് വീണ്ടും കുതിച്ചുചാട്ടം. കഴിഞ്ഞ ആഴ്ചയിലാണ് കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.
ആകെ കൊവിഡ് ബാധിച്ചത്: 1,03,756
നിലവിൽ ചികിത്സയിലുള്ളവർ: 6,258
രോഗമുക്തർ: 97,105
മരണം: 369