ചാത്തന്നൂർ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണത്ത് കൊല്ലം സിറ്റി, തിരുവനന്തപുരം റൂറൽ പൊലീസിന്റെയും സംയുക്ത പരിശോധന. ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീൻ, തിരുവനന്തപുരം ജില്ലാ ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി റെജി എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘങ്ങളാണ് പരിശോധന നടത്തിയത്. പാരിപ്പള്ളി, കല്ലമ്പലം സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
കെ.എസ്.ആർ.ടി.സി ഒഴികെയുള്ള എല്ലാ വാഹനങ്ങളിലെയും യാത്രികരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. അത്യാവശ്യമില്ലാതിരുന്നിട്ടും വയോധികരുമായി എത്തിയവർക്ക് ഉപദേശവും താക്കീതും നൽകി വിട്ടയച്ചു. മതിയായ വിശദീകരണം നൽകാൻ കഴിയാത്തവരെയും താക്കീത് നൽകി മടക്കിഅയച്ചു. രാവിലെ ആറ് മണിയോടെ ആരംഭിച്ച പരിശോധന വൈകിട്ട് ആറരയോടെയാണ് അവസാനിച്ചത്. പരിശോധന ഇന്നും തുടരുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.