c
ക്യാപ്ടൻ ലക്ഷ്മി പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ കുലശേഖരപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച ശിവരാമപിള്ളയുടെ സംസ്കാരം നടത്തുന്നു

തഴവ: കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമായി തദ്ദേശ സ്ഥാപനങ്ങൾ രംഗത്ത്. രണ്ടാം തരംഗത്തിൽ കുലശേഖരപുരത്ത് 378 പേർക്കാണ് രോഗം ബാധിച്ചത്. മരിച്ചവരുടെ എണ്ണം ഇവിടെ ഏഴായി. കഴിഞ്ഞ ദിവസം മരിച്ച കുറുങ്ങപ്പള്ളി സ്വദേശി ശിവരാമപിള്ളയുടെ സംസ്കാര ചടങ്ങുകൾ ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത്‌ ആൻഡ് പാലിയേറ്റീവ് കെയർ പഞ്ചായത്ത്‌ സെന്റർ യൂണിറ്റിന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തി. പാലിയേറ്റീവ് വാളണ്ടിയർമാരായ ലിനേഷ്, ഗോപൻ സുജിത്, അക്ഷയ് എന്നിവർ നേതൃത്വം നൽകി.

260 പേർക്ക് രോഗബാധയുണ്ടായ തഴവയിൽ അടുത്ത ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. തൊടിയൂരിൽ നിലവിൽ 171 പേർക്കാണ് രോഗം ബാധിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം ആർ.ടി. പി.സി.ആർ ടെസ്റ്റ് നടത്തിയ കരുനാഗപ്പള്ളി നഗരസഭയിലെ 239 പേരിൽ ആർക്കും രോഗബാധയില്ല എന്നത് ആശ്വാസം പകരുന്നു. നഗരസഭയിൽ മൊബൈൽ പരിശോധനാ യൂണിറ്റിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ വച്ച് 139 പേർക്ക് പരിശോധന നടത്തി. ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കരുനാഗപ്പള്ളിയിൽ 202 പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തതായി സി.ഐ അറിയിച്ചു.