പത്തനാപുരം : നിരവധി പേർക്ക് ആദ്യക്ഷരം പകർന്ന ചേകം ഈട്ടി വിളയിൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (73) കൊവിഡ് ബാധയെ തുടർന്ന് മരിച്ചതിന് പിന്നിൽ ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണെന്ന് ആരോപണം.
ലക്ഷ്മിക്കുട്ടിയുടെ മരുമകൻ സഹദേവൻ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച സഹദേവന് കൊവിഡ് നെഗറ്റീവായി. പക്ഷെ ലക്ഷ്മിക്കുട്ടിക്ക് പനി ബാധിച്ചു. കഴിഞ്ഞ ദിവസം സ്ഥിതി വഷളായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും ഗൗനിച്ചില്ലെന്നാണ് പരാതി. ഇന്നലെ ലക്ഷ്മിക്കുട്ടി മരണപ്പെട്ട വിവരം ബന്ധുക്കളും നാട്ടുകാരും ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും ആശാ വർക്കർ മാത്രമാണ് എത്തിയത്.
ആശാട്ടി പഠിപ്പിച്ച വിദ്യാർത്ഥികളും സമീപവാസികളും ചേർന്നാണ് മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മരണ വിവരം അറിഞ്ഞ് പത്തനാപുരം സി.ഐ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. ആരോഗ്യവകുപ്പിന്റെ അനാസ്ഥയിൽ ബന്ധുക്കളും നാട്ടുകാരും അപലപിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് കൊവിഡ് പരിശോധനയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ച ആശാട്ടി പഠിപ്പിച്ച വിദ്യാർത്ഥികളായ ലിജു, ശ്രീജിത്ത് എന്നിവർ വീട്ടിൽ നിരീക്ഷണത്തിലാണ്. ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥ ആരോപിച്ച് പൊതുപ്രവർത്തകനായ ചേകം രഞ്ജിത്തിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.