കരുനാഗപ്പള്ളി: വർഷങ്ങളായി തകർന്ന് കിടക്കുന്ന ആലുംകടവ് മൂന്നാംമൂട് -കണ്ണംങ്കര മുക്ക് റോഡ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു. കരുനാഗപ്പള്ളി നഗരസഭയുടെ 2-ം ഡിവിഷനിലൂടെ കടന്ന് പോകുന്ന റോഡ് നിറയെ കുണ്ടും കുഴികളുമാണ്. റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം നഗരസഭ അധികൃതർ ചെവിക്കൊള്ളുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നഗരസഭക്ക് നാട്ടുകാർ നിരവധി തവണ പരാതി നൽകിയിട്ടും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല.
കാൽനടയാത്രയും ദുരിതം
ഒരു ദശാബ്ദത്തിന് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. അതിന് ശേഷം ഒരിക്കൽ പോലും റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. തീരപ്രദേശത്തെ പ്രധാന ജംഗ്ഷനായ മൂന്നാം മൂട്ടിൽ നിന്ന് വടക്കോട്ട് ഒന്നര കിലോമീറ്റർ നീളത്തിലാണ് റോഡ് . നൂറ് കണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഇവർക്ക് മൂന്നാംമൂട്ടിലും ആലുംകടവിലും നേരിട്ട് പോകാനുള്ള ഏക മാർഗമാണിത്. മൂന്നാം മൂടിന് വടക്കുള്ള ആൽത്തറമൂട് ശ്രീകൃഷ്ണ സ്വാമി അരാധനാലയം, ശക്തപ്പറമ്പ് ദേവീ ക്ഷേത്രം, മൃഗാശുപത്രി എന്നിവയെല്ലാം റോഡിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളാണ്. വിനോദ സഞ്ചാര കേന്ദ്രമായ ആലുംകടവിനെ കുലശേഖരപുരം ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നിരവധി സ്കൂൾ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഇതു വഴി കടന്ന് പോകുന്നു.റോഡ് പൂർണമായും തകർന്നതോടെ ഇതു വഴിയുള്ള കാൽനട യാത്രപോലും ദുരിതപൂർണമാണ്.
മഴപെയ്താൽ വെള്ളക്കെട്ടാകും
കാലവർഷം ആരംഭിച്ചാൽ റോഡ് പൂർണമായും വെള്ളക്കെട്ടാകും. അതോടെ ഇരുചക്ര വാഹനയാത്രാരുടെ നില ഏറെ പരുങ്ങലിലാകും. റോഡിന്റെ മിക്ക ഭാഗങ്ങളിലും ഓടയുണ്ടെങ്കിലും മഴ വെള്ളം ഒഴുകി പോകാനുള്ള സൗകര്യം പരിമിതമാണ്. ഓടയുടെ നിർമ്മാണത്തിൽ വന്നിട്ടുള്ള അപാകതയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ പരിധിയിൽ വരുന്ന ചാത്തൻവേലി ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കേണ്ടത് അനിവാര്യമാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം.കാലവർഷം ആരംഭിക്കുന്നതിന് മുമ്പായി റോഡിലെ കുണ്ടുകളും കുഴികളുമെങ്കിലും നികത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.