കരുനാഗപ്പള്ളി: നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണം പൂർത്തിയാകുന്നു. നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികളെയും ശുചീകരണ തൊഴിലാളികളെയും ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ റോഡുകളുടെ വശങ്ങളിലുള്ള പുല്ലുകൾ ചെത്തി വെടിപ്പാക്കുക, ജലസ്ത്രോതസുകൾ വൃത്തിയാക്കുക, തഴത്തോടുകളിലെ കുളവാഴകൾ നീക്കം ചെയ്യുക തുടങ്ങിയ ജോലികളാണ് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നത്. നഗരസഭയുടെ പരിധിയിൽ വരുന്ന 35 ഡിവിഷനുകളിലും ശുചീകരണ പ്രവർത്തനങ്ങൾ അവസാനവക്കിലാണ്. ഓരോ ഡിവിഷനിലും ഡിവിഷൻ കൗൺസിലറുടെ മേൽനോട്ടത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.