kunnicode-photo
പടം

കുന്നിക്കോട് : രണ്ട് ദിവസത്തെ ലോക്ക്ഡൗണിൽ പെട്ട് വീട്ടിലിരിക്കുന്ന ജനങ്ങളോട് പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ ഒരു ദിനം മാറ്റിവയ്ക്കാൻ അഭ്യർത്ഥിച്ച് പഞ്ചായത്തംഗം. വിളക്കുടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് അംഗം അഡ്വ.ബി.ഷംനാദാണ് 'വൃത്തിയുള്ള വീടും പരിസരവും എന്റെ അഭിമാനം" എന്ന സന്ദേശം നൽകി സ്വന്തം വീടും പരിസരവും വൃത്തിയാക്കാൻ ഒരു ദിവസം മാറ്റി വെയ്ക്കാൻ വാർഡിലെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. പഞ്ചായത്തംഗത്തിന്റെ അഭ്യർത്ഥന ക്രിയാത്മകമായി ഏറ്റെടുത്ത് വാർഡിലെ ബഹുഭൂരിപക്ഷം ആളുകളും വീടും പരിസരവും വൃത്തിയാക്കി . ജൈവമാലിന്യങ്ങൾ കുഴിയെടുത്ത് സംസ്കരിച്ചും പ്ളാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കി പ്രത്യേകം ശേഖരിച്ചുമാണ് ശുചീകരണം നടത്തിയത്. പ്ളാസ്റ്റിക് മാലിന്യങ്ങൾ പിന്നീട് ഹരിതകർമ്മസേന ശേഖരിച്ച് ക്ളീൻ കേരള കമ്പനിയ്ക്ക് കൈമാറും. വരും ദിവസങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ, ഹരിതകർമ്മസേന, പൊതുജനങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ, യുവജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ പൊതുസ്ഥലങ്ങളിലെയും മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കുമെന്ന് അഡ്വ.ബി.ഷംനാദ് അറിയിച്ചു. ഒരു ദിവസം നീണ്ടു നിന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എ.വഹാബ്, സന്തോഷ് കുമാർ, നാസിം, ബി.ഷഫീഖ് എന്നിവർ നേതൃത്വം നൽകി.