നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന സജീവം
കൊല്ലം: ചവറ - ഇളമ്പള്ളൂർ റൂട്ടിലോടുന്ന ഒരു സ്വകാര്യബസ് നഗരത്തിലെ പ്രധാന ജംഗ്‌ഷനുകളിലൊന്നിലേക്ക് എത്തുന്നു. ബസ് സ്റ്റോപ്പിന് തൊട്ടുമുൻപിലെ പെട്ടിക്കടയുടെ സമീപമെത്തിയപ്പോൾ വേഗതയൊന്ന് കുറച്ചു. ജീവനക്കാരിലൊരാൾ തിടുക്കത്തിൽ ചാടിയിറങ്ങിയതോടെ ബസ് വീണ്ടും മുന്നോട്ടുനീങ്ങി സ്റ്റോപ്പിലെത്തി നിന്നു. ജീവനക്കാരൻ ഇറങ്ങിയപ്പോൾ തന്നെ പെട്ടിക്കടയ്ക്കുള്ളിലുള്ളയാൾ ഒരു പൊതിയെടുത്ത് നീട്ടി. ജീവനക്കാരൻ 100 രൂപ കടക്കാരന്റെ കൈയിൽ പിടിപ്പിച്ചിട്ട് നാളെയും രണ്ട് 'മഞ്ഞ' വേണം എന്ന് അറിയിച്ചു. യാത്രക്കാർ കയറിക്കഴിഞ്ഞപ്പോഴേക്കും അയാൾ ഓടിയെത്തി ബസിൽ കയറുകയും യാത്ര തുടരുകയും ചെയ്തു. തൊട്ടടുത്ത് നിന്ന മറ്റ് യാത്രക്കാരിൽ ചിലരെങ്കിലും 'മഞ്ഞയോ, അതെന്ത് സാധനം' എന്ന് ചിന്തിച്ചുകാണും. കാര്യമറിയാവുന്നത് കൊണ്ടാകും ചിലർ ഇത് മൈൻഡ് ചെയ്തില്ല. അല്ലെങ്കിൽ തന്നെ ഇതിലൊക്കെ നമുക്കെന്ത് കാര്യം എന്ന് ചിന്തിക്കുന്നവാണ് അധികവും.
നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന നഗരത്തിൽ പൊടിപൊടിക്കുകയാണ്. വിവിധ ബ്രാൻഡുകൾക്ക് അനുസരിച്ചാണ് കോഡ് വാക്കുകൾ മാറുന്നത്. നീല, മഞ്ഞ, പച്ച അങ്ങനെയങ്ങനെ നിരവധി പേരുകൾ. എത്ര നിരോധനം ഏർപ്പെടുത്തിയാലും ചില കടകളിൽ ഇത്തരം കച്ചവടം പരസ്യമായ രഹസ്യമായി നടക്കുന്നുണ്ട്. പൊലീസിനോ എക്സൈസിനോ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് മാത്രമല്ല പിടികൂടിയാൽ തന്നെ കുറച്ച് സമയത്തിനുള്ളിൽ കടക്കാർ കസ്റ്റഡിയിൽ നിന്ന് ഊരിപ്പോകാറാണ് പതിവ്. ഇവരുടെ കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന അറിയപ്പെടുന്ന വക്കീലന്മാരും നഗരത്തിൽ ഒരുപാടുണ്ട്. ഫീസ് കൂടുതൽ ലഭിക്കുമെന്നതാണ് കാര്യം.
ഒരു കവറിന് അൻപത് മുതൽ നൂറ് രൂപവരെ
നിരോധിത പുകയില ഉത്പന്നങ്ങളുടെ ഒരു കവറിന് അൻപത് മുതൽ നൂറ് രൂപവരെയാണ് ഈടാക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടയുള്ളവയിലൂടെയാണ് ഇവ വ്യാപകമായി നഗരത്തിലേയ്ക്കെത്തുന്നത്. അവിടെ അഞ്ച് മുതൽ പത്ത് രൂപ വരെ വിലയ്ക്ക് കിട്ടുന്നവ ഇവിടെ 15 മുതൽ 20 വരെ വിലയീടാക്കി ചെറുകിടക്കാർക്ക് നൽകും.
നഗരത്തിൽ പഠനത്തിനായെത്തുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ടെന്ന സൂചനകൾ ലഭിക്കുന്നുണ്ട്. സൗഹൃദ വലയത്തിനുള്ളിൽ കേവലം തമാശയ്ക്ക് തുടങ്ങുന്ന ഇത്തരം ശീലങ്ങൾ പിന്നീട് ഒഴിച്ചുകൂടാനാവാത്ത അവസ്ഥയിലേക്ക് എത്താറാണ് പതിവ്.