ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വ്യാപനം തുടരുമ്പോഴും കഴിഞ്ഞ ഭരണസമിതി കൊവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റിയ കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നു. ലക്ഷങ്ങൾ പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചാണ് ഇവിടങ്ങളിൽ കൊവിഡ് ചികിത്സയ്ക്കു വേണ്ട സൗകര്യം ഒരുക്കിയത്. ഇതിനു പുറമേ നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്തോടെ അടിസ്ഥാന സൗകര്യങ്ങൾ അടക്കമുള്ളവ ഇവിടെ സജ്ജീകരിച്ചിരുന്നു.
നടയ്ക്കലിലെ സ്വകാര്യ ബാങ്കിംഗ് പരിശീലനകേന്ദ്രം, പാരിപ്പള്ളി മുക്കടയിലെ പഴയ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലാണ് എട്ടുമാസം മുമ്പ് ഇത്തരത്തിൽ സൗകര്യം ഒരുക്കിയത്.
കിടക്കകളും മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ടായിരുന്ന ഈ കേന്ദ്രങ്ങളുടെ ചുറ്റുപാടും കാടുമൂടിയ അവസ്ഥയിലാണ്. ഇവിടങ്ങളിൽ ചികിത്സ ആരംഭിക്കാൻ ജില്ലാഭരണാധികാരികളുടെ അനുമതി ലഭ്യമായിട്ടില്ലെന്നാണ് അറിയുന്നത്. വേളമാനൂർ, കിഴക്കനേല, എഴിപ്പുറം, മേവനക്കോണം വാർഡുകളിൽ ഇരുപതോളം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഓക്സിമീറ്ററോ തെർമോ മീറ്ററോ പോലും ഇവിടങ്ങളിൽ ലഭ്യമാകുന്നുമില്ലെന്നും ആക്ഷേപമുണ്ട്. കല്ലുവാതുക്കൽ പഞ്ചായത്തിൽ 101 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വേളമാനൂരിൽ ഇന്ന് പരിശോധനാ ക്യാമ്പ്
കൊവിഡ് തുടരുന്ന വേളമാനൂരിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ പരിശോധനാ ക്യാമ്പ് നടത്തുമെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ അറിയിച്ചു. വേളമാനൂർ ഗവ. യു.പി സ്കൂളിൽ നടത്തുന്ന ക്യാമ്പിൽ കൊവിഡ് വ്യാപനം രൂപക്ഷമായ പ്രദേശങ്ങളിലെ ആളുകൾക്ക് മുൻഗണന നൽകും.
പരിശോധനാ ക്യാമ്പിനു ശേഷം പ്രദേശത്തെ സന്നദ്ധപ്രവർത്തകരുമായി ആരോഗ്യവകുപ്പ് അധികൃതർ, പൊലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചർച്ച നടത്തും.
കല്ലുവാതുക്കൽ പഞ്ചായത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 101 പേർ
ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളവർ: 10 പേർ