covid

കൊല്ലം: തുടർച്ചയായ മൂന്നാം ദിനവും ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടന്നു. ഇതോടെ കഴിഞ്ഞ ഒരുമാസത്തിനിടയിൽ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 12,528 ആയി. കഴിഞ്ഞ പത്ത് ദിവത്തിനിടയിലാണ് കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്.

2020 ഒക്ടോബറിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് 19,466 പേരാണ് രോഗബാധിതരായത്. അതിന് തൊട്ടുമുൻപുള്ള സെപ്തംബറിൽ 9,660 പേർക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇപ്പോഴത്തെ അവസ്ഥയിൽ മുന്നോട്ടുപോയാൽ അടുത്തമാസം കാൽലക്ഷം പേർക്കെങ്കിലും ജില്ലയിൽ കൊവിഡ് സ്ഥിരീകരിക്കാനാണ് സാദ്ധ്യത.

 ഈമാസം 31 മരണം

ഈമാസം ജില്ലയിൽ 31 പേർ കൊവിഡ് വ്യാപിച്ച് മരിച്ചു. ജില്ലയിൽ ആകെ ഇതുവരെ 371 പേരാണ് മരിച്ചത്. സംസ്ഥാന ശരാശരി പോലെ 60 വയസിൽ കൂടുതലുള്ളവരാണ് ജില്ലയിൽ കൂടുതലായി മരിച്ചത്. 40 വയസിൽ താഴെയുള്ള ഒരാൾ മാത്രമാണ് ഔദ്യോഗിക കണക്ക് പ്രകാരം ഈ മാസം കൊവി‌ഡ് ബാധിച്ച് മരിച്ചത്.

 ഇന്നലെ കൊവിഡ് 1,209

ഇന്നലെ ജില്ലയിൽ 1,209 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ വിദേശത്ത് നിന്നും ആറുപേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 1,298 പേർ സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഇന്നലെ 674 പേർ രോഗമുക്തരായി.

 കൊവിഡ് കൂടുതൽ സ്ഥിരീകരിച്ച മാസങ്ങൾ

2020 ഒക്ടോബർ: 19,466

2021 ജനുവരി: 14,811

2020 നവംബർ: 14,080

2021 ഫെബ്രുവരി: 12,696

2021 ഏപ്രിൽ ഇതുവരെ: 12,528

ആകെ കൊവിഡ് ബാധിച്ചത്: 1,04,965

നിലവിൽ ചികിത്സയിലുള്ളവർ: 6,791

രോഗമുക്തർ: 97,779

മരണം: 371