കൊട്ടിയം: തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് പരിക്കേറ്റു. കൊട്ടിയം ഉമയനല്ലൂർ പറക്കുളം ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. ബൈക്കിലെത്തിയ ഉമയനല്ലൂർ പറക്കുളം സ്വദേശികളായ യുവാക്കൾ ദേശീയ പാതയിൽ നിന്ന് ഉപറോഡിലേയ്ക്ക് തിരിയാൻ ശ്രമിക്കവേയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ബാലൻസ് തെറ്റിയ യുവാക്കൾ ബസിനടിയിൽപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്ന് ഇവരെ ബസിനടിയിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവരുടെ കാൽ മുട്ടുകൾക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടിയം പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു.