photo
കൊട്ടാരക്കര താലൂക്ക് ആശുപത്രി

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ വാക്സിനേഷൻ പൂർത്തീകരിച്ച ഡോക്ടറടക്കം നാല് ജീവനക്കാർക്ക് കൊവിഡ്. ഓപ്പറേഷൻ തീയേറ്റർ അടച്ചു. അനസ്തേഷ്യ ഡോക്ടർക്കും രണ്ട് നഴ്സുമാർക്കും ഒരു ക്ളീനിംഗ് സ്റ്റാഫിനുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. മാസങ്ങൾക്ക് ശേഷമാണ് താലൂക്ക് ആശുപത്രിയിൽ കൊവിഡ് പ്രതിസന്ധിയുണ്ടായത്. കൂടുതൽപേരെ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരുടെ ഫലം ഇന്നും നാളെയുമായി എത്തും. ഓപ്പറേഷൻ തീയറ്ററിനോട് ചേർന്നാണ് ലേബർ റൂം പ്രവർത്തിക്കുന്നത്.ഇവിടെ ദിവസവും പത്തിലധികം ജീവനക്കാർ ഡ്യൂട്ടിയിലുണ്ടാകും. വാക്സിനേഷൻ സെൻറർ പ്രവർത്തിക്കുന്നത് തീയറ്ററിന്റെ മുകളിലത്തെ നിലയിലുമാണ്. ഇവിടെയുള്ള പടികളിൽ വരി നിന്നാണ് ആളുകൾ വാക്സിനേഷൻ സെന്ററിലെത്തുന്നത്. ഇതെല്ലാം രോഗവ്യാപ്തി കൂട്ടുമെന്നാണ് വിലയിരുത്തൽ.

ഓപ്പറേഷൻ തീയറ്ററിലെ നഴ്സിംഗ് അസിസ്റ്റന്റിന് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തീയേറ്ററുമായി ബന്ധപ്പെട്ടവരെ പരിശോധിച്ചപ്പോഴാണ് നാലുപേർക്ക് പോസിറ്റീവായത്. ഓപ്പറേഷനുകൾക്കായി നിരവധി പേർക്ക് തീയതികൾ നിശ്ചയിച്ചിരുന്നതാണ്.