psc

കൊല്ലം: എൽ.പി, യു.പി, എച്ച്.എസ്.എ, എച്ച്.എസ്.എസ്.ടി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് ഉത്തരവ് നൽകിയിട്ടും നിയമനം നടക്കുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 2018ൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 2020 ജനുവരി മുതൽ നിയമന ശുപാർശ നൽകിയിട്ടും ഇതുവരെ നിയമനങ്ങൾ നടത്തിയിട്ടില്ല. നിയമന ഉത്തരവ് ലഭിച്ച ആയിരത്തോളം ഉദ്യോഗാർത്ഥികളിൽ 20 പേർക്ക് മാത്രമാണ് നിയമനം നൽകിയിട്ടുള്ളത്. സ്‌കൂളുകളിൽ റഗുലർ അദ്ധ്യയനം നടക്കുന്നില്ലെന്ന് കാട്ടിയാണ് നിയമനം നടത്താത്തതെന്നും അവർ പറഞ്ഞു.

2012- 2014 മുതലുള്ള നിയമന ശുപാർശകളാണ് തടസപ്പെട്ടിരിക്കുന്നത്. പി.എസ്.സി ഉത്തരവ് ലഭിച്ച് മൂന്ന് മാസത്തിനുള്ളിൽ നിയമനം നടത്തണമെന്ന് നിയമം ഉണ്ടായിരിക്കെയാണ് അധികൃതരുടെ ഇത്തരം നടപടികൾ. വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള വിവരമനുസരിച്ച് എൽ.പി, യു.പി, എച്ച്.എസ്.എ തസ്തികകളിൽ 6,821 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികയിലേക്ക് 1,200 ഉം സീനിയർ തസ്തികയിലേക്ക് 1,000 ഒഴിവുകളും നിലവിലുണ്ട്.

റഗുലർ ക്‌ളാസുകൾ ആരംഭിച്ചിട്ടില്ലെന്ന ന്യായം നിരത്തുമ്പോഴും സ്ഥാനക്കയറ്റം, സ്ഥലം മാറ്റം, അവധിക്ക് ശേഷമുള്ള റീ ജോയിനിംഗ്, സ്കോളർഷിപ്പ് വിതരണം, പൊതുപരീക്ഷകൾ എന്നിവയെല്ലാം കൃത്യമായി നടത്തുന്നുണ്ട്. നിയമനം വൈകുന്നതിനെ തുടർന്ന് 2020 ആഗസ്റ്റിൽ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പരാതി നൽകി. ജനുവരിയിൽ അനുകൂലവിധി വന്നെങ്കിലും നിയമന നടപടികൾ ആരംഭിച്ചിട്ടില്ല.

അദ്ധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായി അടുത്ത അദ്ധ്യയനവർഷത്തിലെങ്കിലും നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തിയിട്ടും സർക്കാർ അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ അദ്ധ്യാപക നിയമന ഉത്തരവ് ലഭിച്ച ഷാജിത, റാഫി, അല്ലി, സുജേഷ്, നിസാം, അനിത എന്നിവർ പങ്കെടുത്തു.