accused
പിടിയിലായ പ്രതികൾ

പരവൂർ: സംഘം ചേർന്ന് മർദ്ദിച്ചത് പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിൽ യുവാവിനെ വഴിയിൽ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും കമ്പിവടി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യുവാക്കളെ പൊലീസ് പിടികൂടി. കലയ്ക്കോട് കല്ലുവിള പടിഞ്ഞാറ്റതിൽ ഷിജുവിനെ (38) ആക്രമിച്ച കേസിൽ കൂനയിൽ വാറുവിള വീട്ടിൽ രഞ്ജിത്ത് (25), കലയ്ക്കോട് മിൽക്കാ നിവാസിൽ പ്രദീഷ് (23) എന്നിവരെയാണ് കഴിഞ്ഞ ദിവസം പുലർച്ചെയോടെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെ ഷിജുവിന്റെ വീടിന് സമീപത്തായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതികൾ ഷിജുവിനെ തടഞ്ഞുനിറുത്തി അസഭ്യം വിളിക്കുകയും വയറ്റത്ത് ചവിട്ടുകയും കൈവശമുണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. മൂന്നുവർഷം മുൻപ് കലയ്ക്കോട് മാടൻനടയിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതികൾ ഷിജുവിനെ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു.

പരവൂർ സി.ഐ സംജിത് ഖാൻ, എസ്.ഐ വിജിത് കെ. നായർ, എ.എസ്.ഐ ഹരിസോമൻ, സി.പി.ഒ സായിറാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.