photo
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ച കൊവിഡ് വാർഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ്‌വ്യാപനം രൂക്ഷമായതോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിച്ചു. ഇപ്പോഴത്തെ പ്രധാന കെട്ടിടത്തിന് പിന്നിലുള്ള പഴയ കെട്ടിടത്തിലാണ് 15 കിടക്കകളുള്ള കൊവിഡ് വാർഡ് ഒരുക്കിയിരിക്കുന്നത്. ഇതിൽ 3 കിടക്കകൾക്ക് വെന്റിലേറ്റർ, ഐ.സി. യു സംവിധാനം ലഭ്യമാണ്. ഓക്സിജൻ സിലിണ്ടർ ഉൾപ്പടെയുള്ള സംവിധാനങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബി കാറ്റഗറിയിലുള്ള രോഗികളെ ഉദ്ദേശിച്ചാണ് കൊവിഡ് വാർഡ് തയ്യാറാക്കിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊവിഡ് വാർഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷ ഡോ. പി. മീന, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ്, കൗൺസിലർ രമ്യാ സുനിൽ, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ആർ.എം.ഒ ഡോ. അനൂപ് കൃഷ്ണൻ, ഡോ. ക്ലെനിൻ തുടങ്ങിയവർ പങ്കെടുത്തു. കരുനാഗപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് താലൂക്ക് ആശുപത്രിയിൽ തന്നെ ചികിത്സാ കേന്ദ്രം സജ്ജമാക്കാൻ തീരുമാനിച്ചത്. കിടത്തിച്ചികിത്സ വേണ്ടി വരുന്ന കൊവിഡ് രോഗികളെ പാരിപ്പള്ളി മെഡി. കോളേജിലേക്കും ജില്ലാ ആശുപത്രിയിലേക്കുമാണ് കൊണ്ടുപോയിരുന്നത്.