photo
കൊവിഡ് വാക്സിൻ വാങ്ങാനായി പന്മന എ വൺ ഗ്രന്ഥശാല നൽകുന്ന സഹായം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഏറ്റുവാങ്ങുന്നു

കരുനാഗപ്പള്ളി: കേരള സർക്കാരിന്റെ വാക്സിൻ ചലഞ്ച് ഏറ്റെടുത്ത് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ 1000 ഡോസ് വാക്സിൻ വാങ്ങി സംഭാവന ചെയ്യും. വാക്സിൻ നൽകുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായി പുസ്തകം സാക്ഷി എന്ന പേരിലാണ് കാമ്പയിൻ ആരംഭിക്കുന്നതെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി..ബി. ശിവനും സെക്രട്ടറി വി. വിജയകുമാറും അറിയിച്ചു. പരിപാടിയുടെ താലൂക്കുതല ഉദ്ഘാടനം പന്മന എ വൺ ഗ്രന്ഥശാല നൽകിയ സഹായം ഏറ്റുവാങ്ങിക്കൊണ്ട് താലൂക്ക് സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് മുകേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി.എം. ജോയ്, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സോളമൻ എന്നിവർ സംസാരിച്ചു.

കൊവിഡ് വ്യാപനത്തിന്റെ തുടക്കം മുതൽ താലൂക്കിലെ ഗ്രന്ഥശാലകളെ കോർത്തിണക്കി ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ താലൂക്ക് ലൈബ്രറി കൗൺസിൽ ഏറ്റെടുത്തിരുന്നു. 5000 മാസ്കുകളും 1000 സാനിട്ടൈസറും നിർമ്മിച്ചു നൽകി, 100ഹാൻഡ് വാഷിംഗ് സെന്ററുകൾ സ്ഥാപിച്ച് സാമൂഹിക അടുക്കളകൾക്ക് സഹായമെത്തിച്ചു, ഭക്ഷ്യ, പച്ചക്കറി കിറ്റുകളുടെ വിതരണം, ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിനായി 102 ടെലിവിഷൻ സെറ്റുകൾ സംഭാവന നൽകി, നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പുസ്തകമെത്തിക്കാൻ സഞ്ചരിക്കുന്ന വായനശാലകൾ പ്രവർത്തിപ്പിച്ചു, ജില്ലാ കളക്ടറുടെ പുസ്തകച്ചലഞ്ചിലേക്ക് 3000 പുസ്തകങ്ങൾ നൽകി, താലൂക്കിലെ ലൈബ്രറികളിൽ വാക്സിനേഷൻ ഹെൽപ്പ് ഡസ്കുകൾ സ്ഥാപിക്കൽ തുടങ്ങിയവയാണ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പ്രധാന സംഭാവനകൾ.