തഴവ: നിരോധനാജ്ഞ ഏർപ്പെടുത്തിയ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ഏകദേശം എണ്ണൂറോളം പേരുടെ ഫലം വരാനിരിക്കേ ഇതുവരെ 560 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളും ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ജാഗ്രതാ നിർദേശങ്ങളും തുടരുമ്പോഴും രോഗവ്യാപനം രൂക്ഷമാവുന്നതിൽ ആരോഗ്യ പ്രവർത്തകർ ആശങ്കയിലാണ്.
തഴവ ഗ്രാമ പഞ്ചായത്തിൽ അടുത്തിടെ സ്ഥാപിച്ച ആയിരം പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ദുരിതാശ്വാസ ക്യാമ്പ് ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആരംഭിച്ചാൽ താലൂക്കിലെ കിടത്തിച്ചികിത്സ ആവശ്യമുള്ള മുഴുവൻ രോഗികൾക്കും പ്രയോജനകരമാകും. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തിലേക്കുള്ള മുഴുവൻ ഉൾനാടൻ റോഡുകളും പൊലീസ് കെട്ടിയടച്ചിരിക്കുകയാണ്.
അണുവിമുക്തമാക്കി
തഴവ: കുലശേഖരപുരം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊവിഡ് രോഗികളുടെ വീടുകൾ , ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. മണ്ഡലം പ്രസിഡന്റ് ആഷിക് കോട്ടാടിയിൽ, അജ്നാസ് ലത്തീഫ്, പ്രജീഷ്, അജീഷ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.