കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭയിലെ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയുടെ തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ കൊവിഡ് ചലഞ്ചിലേക്ക് നഗരസഭയിലെ യു.ഡി.എഫ് അംഗങ്ങൾ പണം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. കൊവിഡ് കാലത്ത് നഗരസഭയ്ക്ക് ധാരാളം പണച്ചെലവുണ്ട്. ഈ സാഹചര്യത്തിൽ നഗരസഭയുടെ തനത് ഫണ്ടോ പ്ലാൻ ഫണ്ടോ സർക്കാരിലേക്ക് നൽകുന്നത് ശരിയായ ധനവിനിയോഗമല്ലെന്നും യു.ഡി.എഫ് അംഗങ്ങൾ അഭിപ്രായപ്പെട്ടു. നഗരസഭയുടെ കൊവിഡ് പ്രവർത്തനങ്ങൾക്ക് സർക്കാരിനോട് പണം ആവശ്യപ്പെടാൻ കൗൺസിൽ തീരുമാനിക്കണമെന്നും യു.ഡി.എഫ് അംഗങ്ങൾ വ്യക്തമാക്കി. എം. അൻസാർ, ടി.പി. സലിംകുമാർ, സിംലാൽ, റഹിയാനത്ത് ബീവി, ബീന ടീച്ചർ, എം.എസ്. ശിബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.