കരുനാഗപ്പള്ളി: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ 5 പേർ വീതം ഉൾക്കൊള്ളുന്ന ഗ്രൂപ്പുകളായി തിരിച്ച് ജോലിക്ക് വിന്ന്യസിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. നിലവിൽ എല്ലാ ഡിവിഷനുകളിലും തൊഴിലാളികൾ ഒന്നിച്ചാണ് ജോലി ചെയ്യുന്നത്. ഒരു ഡിവിഷനിൽ ഏറ്റവും കുറഞ്ഞത് 25 തൊഴിലുറപ്പ് തൊഴിലാളികളുണ്ടാവും.
നഗരസഭയിൽ മൊത്തത്തിൽ ആയിരത്തോളം തൊഴിലുറപ്പ് തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഓരോ ഡിവിഷനിലും കൂട്ടമായി നിന്നാണ് ഇവർ തൊഴിലെടുക്കുന്നത്. ഇത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. ഓരോ ഡിവിഷനിലെയും തൊഴിലാളികളെ ചെറു ഗ്രൂപ്പുകളാക്കി തിരിച്ച് ജോലിക്ക് വിട്ടാൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയും. നഗരസഭാ ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഗ്രൂപ്പുകൾ രൂപീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.