കൊല്ലം : തേവലക്കര ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരന് അർഹമായ സ്ഥാനക്കയറ്റം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. 1998 ഫെബ്രുവരി മുതൽ സെയിൽസ് മാനായി ജോലിനോക്കുന്ന എൻ. ശിവൻകുട്ടിക്ക് സ്ഥാനക്കയറ്റം നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.
സർക്കാർ ഉത്തരവ് അനുസരിച്ചാണ് ജീവനക്കാരനെ സ്ഥിരപ്പെടുത്തിയതെന്ന് കൊല്ലം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബാങ്കിലെ ജീവനക്കാരുടെ ഉദ്യോഗക്കയറ്റത്തിൽ നീതിസ്റ്റോർ സെയിൽസ് മാൻ തസ്തിക ഉൾപ്പെടാത്തതുകൊണ്ടാണ് സ്ഥാനക്കയറ്റം വൈകിയത്. പരാതിക്കാരന് സ്ഥാനക്കയറ്റം ലഭ്യമാക്കാൻ ബാങ്കിന് നിർദ്ദേശം നൽകിയിട്ടുണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ നിർദ്ദേശം ബാങ്ക് നടപ്പാക്കിയെന്ന് ഉറപ്പാക്കിയ ശേഷം ഒരു മാസത്തിനകം കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിക്കണം.