kollam-signal
ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ സംവിധാനം നീക്കംചെയ്ത നിലയിൽ

കൊല്ലം: ചിന്നക്കട റൗണ്ടിന് സമീപം പുതുതായി സ്ഥാപിച്ച സിഗ്നൽ സംവിധാനം പ്രയോജനകരമല്ലെന്ന വിലയിരുത്തലിൽ പൂർണമായും ഒഴിവാക്കി. സിഗ്നൽ സ്ഥാപിച്ചിരുന്ന തൂണുകളടക്കമാണ് നീക്കം ചെയ്തത്. ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറിലാണ് സിഗ്നൽ സ്ഥാപിച്ചത്.

ശങ്കേഴ്സ് ആശുപത്രി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ വടയാറ്റുകോട്ട റോഡിലേക്കും ക്ലോക്ക് ടവർ ഭാഗത്ത് നിന്നുള്ളവ ആശ്രാമം ഭാഗത്തേക്കും സുഗമമായി കടന്നുപോകുന്ന തരത്തിൽ ക്രമീകരിക്കുന്നതിനാണ് സിഗ്നൽ സ്ഥാപിച്ചത്.

എന്നാൽ സ്ഥലപരിമിതിയും തിരക്ക് കൂടിയ അഞ്ചോളം റോഡുകൾ സംഗമിക്കുന്ന സ്ഥലവുമായതിനാൽ സിഗ്നൽ സമയക്രമം കൃത്യമായി ക്രമീകരിക്കാനോ വിജയകരമാക്കാനോ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് നടപടി.

 ചൂണ്ടിക്കാട്ടിയത് കേരളകൗമുദി

സിഗ്നൽ സ്ഥാപിച്ചത് വിജയകരമാകില്ലെന്നും അശാസ്ത്രീയമായ ക്രമീകരണം ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി ജനുവരി നാലിന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തൊട്ടുപിന്നാലെ ന്യായീകരണവുമായി അധികൃതർ രംഗത്തെത്തിയിരുന്നു. വാർത്തയിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് അധികൃതരുടെ ഇപ്പോഴത്തെ നടപടി.

 യാത്രക്കാരെ വലയ്ക്കുന്ന ചിന്നക്കട മേൽപ്പാലം

ചിന്നക്കടയിൽ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് മേൽപ്പാലം പുതുക്കിപ്പണിതത് ഫലത്തിൽ യാത്രക്കാർക്ക് വിനയായി മാറുകയായിരുന്നു. നേരത്തെയുണ്ടായിരുന്ന രണ്ട് ട്രാഫിക് ഐലൻഡുകളുടെ സ്ഥാനത്താണ് ഇപ്പോൾ ഒരു പാലവും ട്രാഫിക് റൗണ്ടുമുള്ളത്. മേൽപ്പാലം വന്നതോടെ ക്ലോക്ക് ടവർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് ആശ്രാമം ഭാഗത്തേക്ക് പോകണമെങ്കിൽ കോൺവെന്റ് ജംഗ്‌ഷനിലെത്തി യു ടേൺ എടുക്കേണ്ട അവസ്ഥയുണ്ടായി. റെയിൽവേ സ്റ്റേഷനിലേക്ക് പോകണമെങ്കിൽ മറ്റ് റോഡുകളെ ആശ്രയിക്കേണ്ട തരത്തിലേക്ക് മാറിയിട്ടും അധികൃതർ കുലുങ്ങിയില്ല. 2016ൽ എ.ഡി.ബി സഹായത്തോടെ 6 കോടി രൂപ ചെലവഴിച്ചാണ് മേൽപ്പാലം പുതുക്കിപ്പണിതത്.