photo
ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, വൈസ് പ്രസിഡന്റ് ചിന്നുവിനോദ് തുടങ്ങിയവർ ഓയൽപാം കൺവെൻഷൻ സെന്ററിൽ സജ്ജമാക്കിയ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിന് മുന്നിൽ

അഞ്ചൽ:ഏരൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭാരതീപുരം ഓയിൽപാമിൽ കൊവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം സജ്ജമാക്കി.ഓയിൽപാം കൺവെൻഷൻ സെന്ററിലാണ് കേന്ദ്രം ഒരുക്കിയത്. നൂറോളം കിടക്കകളാണ് ഇവിടെ സജ്ജമാക്കിയത്. ടെലിവിഷൻ, വാഷിംഗ് മെഷീൻ, സി.സി.ടി.വി., ഫ്രിഡ്ജ് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്. ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. അജിത്, വാർഡ് മെമ്പർ നസീർ, ഡി.വൈ.എഫ്.ഐ., എ.വൈ.എഫ് പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സെന്ററിന്റെ സജ്ജീകരണം നടന്നത്. ഏരൂർ പഞ്ചായത്തിൽ നിലവിൽ 120 ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ എല്ലാ ദിവസവും ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അവലോകന യോഗവും നടക്കുന്നുണ്ട്. കൊവിഡ് വർദ്ധിക്കുകയും മഴ ആരംഭിക്കുകയും ചെയ്തതോടെ പകർച്ച വ്യാധികൾ തടയുന്നതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ പറഞ്ഞു.