കൊല്ലം: കൊട്ടാരക്കര നഗരസഭയ്ക്ക് ആസ്ഥാന മന്ദിരവും ഷോപ്പിംഗ് കോംപ്ളക്സും നിർമ്മിക്കാൻ കെ.ഐ.പി വക സ്ഥലം ലഭ്യമാക്കാൻ വീണ്ടും ശ്രമം. മൂന്നേക്കർ ഭൂമി ലഭിക്കുമെന്നാണ് പ്രതീക്ഷ. നഗരസഭ സമുച്ചയം, ടൗൺ ഹാൾ, സമാന്തരപാത, ചിൽഡ്രൻസ് പാർക്ക്, ഷോപ്പിംഗ് കോംപ്ളക്സ് എന്നിവ ഇവിടെ നിർമ്മിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. കൊട്ടാരക്കര പട്ടണത്തിലെ ഗതാഗത കുരുക്കിനും തിരക്കുകൾക്കും ഇത് വലിയ പരിഹാരവുമുണ്ടാക്കും.
തടസം മാറിയാൽ
2017 മുതൽ രവിനഗറിലെ കെ.ഐ.പി വക ഭൂമി വിട്ടുകിട്ടാൻ ശ്രമം നടക്കുന്നുണ്ട്. ആദ്യം ബന്ധപ്പെട്ട ഫയലുകൾ മന്ത്രിയുടെ പരിഗണനയിലെത്തിയപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാകാറായതാണ്. എന്നാൽ കെ.ഐ.പിയുടെ അധീനതയിലുള്ള രണ്ട് ഹെക്ടർ 80 ആർ വിസ്തീർണമുള്ള ഭൂമി കെ.ഐ.പിയ്ക്ക് ഭാവിയിൽ ഉപയോഗിക്കേണ്ടതാണെന്നും സോളാർ സംവിധാനമടക്കം കൊണ്ടുവരേണ്ടതാണെന്നും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ തടസമുന്നയിച്ചു. അതോടെ ഭൂമി ലഭിക്കുന്നതിനുള്ള ഫയൽ മരവിച്ചു. പി.ഐഷാപോറ്റി എം.എൽ.എ ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപും ഇക്കാര്യത്തിന് വേണ്ടി ശ്രമിച്ചു. വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് വിഷയങ്ങൾ ധരിപ്പിച്ചു. നഗരസഭ ചെയർമാനായി എ.ഷാജു ചുമതലയേറ്റപ്പോൾത്തന്നെ ഭൂമി വിട്ടുകിട്ടുന്നതിനുള്ള ശ്രമം തുടങ്ങിയിരുന്നു. കെ.ബി.ഗണേശ് കുമാറിനെ ഉപയോഗിച്ചും ഇതിനായി എ.ഷാജുവിന്റെ ശ്രമം നടക്കുന്നുണ്ട്. വീണ്ടും തടസങ്ങൾ ഉണ്ടായില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഫലം വരുന്നമുറയ്ക്ക് ഭൂമി നഗരസഭയ്ക്കായി അനുവദിക്കുമെന്നാണ് വിവരം.
പേരിനുവേണ്ടി കെ.ഐ.പി ഓഫീസ്
കല്ലട ജലസേചന പദ്ധതിയുടെ തുടക്കകാലത്ത് ഏറ്റവും സജീവമായിരുന്നു കെ.ഐ.പി ഓഫീസ്. എന്നാൽ ഇപ്പോൾ കല്ലട പദ്ധതിയുമായി ബന്ധപ്പെട്ട ചില നിയന്ത്രിത ചുമതലകൾ മാത്രമാണ് കൊട്ടാരക്കര രവിനഗറിലെ കെ.ഐ.പി ഓഫീസിനുള്ളത്. കെട്ടിടങ്ങളെല്ലാം നാശത്തിന്റെ വക്കിലാണ്. അടുത്തിടെ പ്രധാന കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ക്വാർട്ടേഴ്സുകളും തകരാറിലാണ്. ട്രഷറി ഉൾപ്പടെ ഒട്ടേറെ ഓഫീസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നതെല്ലാം മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുമുണ്ട്. കെ.ഐ.പി വളപ്പിലെ മൂന്നര ഏക്കർ ഭൂമി കാടുകയറി നശിക്കുകയുമാണ്. തകർച്ചയിലായ കെട്ടിടങ്ങളാണ് ഇവിടെയുള്ളതെല്ലാം. അതുകൊണ്ടുതന്നെ ഈ ഭൂമി നഗരസഭയ്ക്ക് കൈമാറിയാൽ നഗരസഭയ്ക്ക് ഓഫീസ് സമുച്ചയവും അനുബന്ധ സൗകര്യങ്ങളും ഇവിടേക്ക് എത്തിയ്ക്കാം.