കൊല്ലം: ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ മാർഗനിർദ്ദേശ പ്രകാരം ആശുപത്രികളിൽ പ്രവേശിപ്പിച്ച കൊവിഡ് ബാധിതരെ ഡിസ്ചാർജ് ചെയ്യാനുള്ള മാദണ്ഡം പുതുക്കിയതായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.
നേരിയ - ഗുരുതരമല്ലാത്ത രോഗികൾക്ക് ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആകണമെന്നില്ല. 14 ദിവസത്തെ ഗൃഹനിരീക്ഷണം പിന്നിട്ടവർക്കും ഇതേ പരിശോധന നിർബന്ധമല്ല. പഞ്ചായത്ത് തല റാപ്പിഡ് റെസ്പോൺസ് ടീമിന്റെ വിലയിരുത്തൽ പ്രകാരം ഇവരെ സമ്പർക്ക പട്ടികയിൽ നിന്ന് ഒഴിവാക്കും.
മറ്റ് തീരുമാനങ്ങൾ
1. രോഗലക്ഷണം മാറി 72 മണിക്കൂറിനകം ഗൃഹനിരീക്ഷണത്തിലാകേണ്ടത് നേരിയ രോഗബാധിതർ
2. രോഗലക്ഷണം സ്ഥിരീകരിച്ച ദിവസം മുതൽ 17 ദിവസമാണ് നിരീക്ഷണ കാലാവധി. ഇവരെ ആക്ടീവ് പട്ടികയിൽ നിന്ന് ഒഴിവാക്കി പത്ത് ദിവസം ഫോൺ വഴി നിരീക്ഷിക്കും
3. രോഗബാധിതരെ ആറു മിനുട്ട് നടത്ത പരിശോധനയ്ക്ക് വിധേയമാക്കും. പ്രാണവായുവിന്റെ തോത് കണക്കാക്കി തുടർ ചികിത്സ
4. ഓക്‌സിജൻ തോത് 94 ശതമാനത്തിൽ താഴെയോ നടത്തത്തിന് ശേഷം മൂന്ന് ശതമാനം കുറയുകയോ ചെയ്താൽ ദിശ (1056) അല്ലെങ്കിൽ ആശുപത്രിയിലോ ബന്ധപ്പെടണം
5. കൃത്രിമ ശ്വാസോച്ഛ്വാസം ആവശ്യമില്ലാത്ത 72 മണിക്കൂറിനുള്ളിൽ മരുന്നില്ലാതെ രോഗലക്ഷണം കുറയുന്ന രോഗികളെ മൂന്ന് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യും
6.ഗുരുതര രോഗം ബാധിച്ചവരും വൃക്ക, കരൾ, ഹൃദ്രോഗ, അർബുദ, എച്ച്.ഐ.വി ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവർക്ക് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് പതിനാലാം ദിവസം നടത്തും. നെഗറ്റീവെങ്കിൽ മൂന്നാം ദിവസം ഡിസ്ചാർജ് ചെയ്യും