കുന്നത്തൂർ : റോഡ് നവീകരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട ആഞ്ഞിലിമൂട് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് പൊളിച്ച് നീക്കാനുള്ള ശ്രമം പ്രതിഷേധത്തിനിടയാക്കി. ചർച്ചകൾക്കൊടുവിൽ സംഘടനാ ഭാരവാഹികൾ തന്നെ വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റി. യാത്രക്കാർക്ക് ഏറെ ഉപകാരമായിരുന്ന ആൽബം സാംസ്‌കാരിക വേദി, ഇടതുണ്ടിൽ സജി സ്മാരക വെയിറ്റിംഗ് ഷെഡാണ് പൊളിച്ചു മാറ്റിയത്. യാത്രക്കാർക്ക് വേണ്ടി പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഗീത, ബ്ലോക്ക് പഞ്ചായത്തംഗം തുണ്ടിൽ നൗഷാദ് എന്നിവരുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചർച്ചയിൽ പി.ഡബ്ല്യു.ഡി എ.ഇ മുരുകേശ്, കൃഷ്ണകുമാർ, ആൻഡേർസൺ എഡ്വേർഡ്, സ്റ്റാലിൻ, മനോജ്, എം.എൻ.ചാൾസ് ,സണ്ണി മുസോളിനി, ഗിൽബർട്ട്, ഇസഡ്. ആന്റണി എന്നിവർ പങ്കെടുത്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ, ഉല്ലാസ് കോവൂർ എന്നിവർ സ്ഥലം സന്ദർശിച്ചു. കിഫ്ബി ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.