ചാത്തന്നൂർ: കല്ലുവാതുക്കലിൽ ലക്ഷങ്ങൾ ചെലവഴിച്ചും നാട്ടുകാരുടെ സംഭാവന സ്വീകരിച്ചും കൊവിഡ് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയ ശേഷം ഉപേക്ഷിച്ച കെട്ടിടങ്ങളിൽ രോഗബാധിതർക്ക് ചികിത്സയും പരിചരണവുമൊരുക്കാൻ വഴിതുറന്നു. 'കൊവിഡ് ചികിത്സാ കേന്ദ്രങ്ങൾ നോക്കുകുത്തികൾ' എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വിഷയത്തിൽ അധികൃതർ ഇടപെട്ടത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തായിരുന്നു പഞ്ചായത്തിൽ ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കിയത്. കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് സത്യപാലൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷ്മണൻ എന്നിവർ വിഷയം ജില്ലാ കളക്ടറെ നേരിട്ട് ബോദ്ധ്യപ്പെടുത്തുകയായിരുന്നു. പ്രശ്നത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് കളക്ടർ ഉറപ്പുനൽകിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.
കല്ലുവാതുക്കൽ പഞ്ചായത്തിൽ നടയ്‌ക്കലിലെ സ്വകാര്യ പഠന കേന്ദ്രവും പാരിപ്പള്ളി മുക്കടയിലെ പ്രവർത്തനം നിലച്ച സ്വകാര്യ ആശുപത്രി കെട്ടിടവുമാണ് കൊവിഡ് ചികിത്സയ്ക്ക് സജ്ജീകരിച്ചിരുന്നത്. ഇതിനായി 14 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത്. ഇതിനുപുറമേ ലക്ഷക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യങ്ങൾ സ്വകാര്യ വ്യക്തികളും ഒരുക്കിനൽകിയിരുന്നു.
120 പേർക്ക് ചികിത്സാ സൗകര്യം
കിടക്കകളും ഫാനുകളും ചൂടുവെള്ളവും പ്രാഥമികസൗകര്യങ്ങളും അടക്കം 120 പേർക്കുള്ള ചികിത്സാ സൗകര്യമാണ് നടയ്ക്കലിൽ ഒരുക്കിയത്. മുക്കടയിൽ ആധുനിക സൗകര്യങ്ങൾ അടക്കമുള്ള 21 മുറികളാണ് സജ്ജീകരിച്ചിരുന്നത്. എട്ടുമാസം മുൻപ് സജ്ജീകരിച്ചെങ്കിലും ഇവ ഒരുദിവസം പോലും പ്രയോജനപ്പെടുത്തിയില്ല.
സൗകര്യമില്ലാതെ കുടുംബങ്ങൾ
കല്ലുവാതുക്കലിലെ രോഗബാധിതരെ നിലവിൽ വീടുകളിൽത്തന്നെ നിരീക്ഷണത്തിൽ കഴിയാനാണ് നിർദ്ദേശിക്കുന്നത്. പ്രദേശത്തെ മിക്ക കുടുംബങ്ങളിലും പ്രാഥമിക കർമ്മങ്ങൾക്ക് പൊതുവായ സംവിധാനം മാത്രമാണ് നിലവിലുള്ളത്. ഇതുമൂലമാണ് പ്രദേശത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതെന്ന ആക്ഷേപമുണ്ട്.
രോഗം മൂർച്ഛിച്ചാൽ നെടുമ്പന പഞ്ചായത്തിലെ വെളിച്ചിക്കാല ആശുപത്രിയിലോ കൊല്ലം ഹോക്കി സ്റ്റേഡിയത്തിലെ ചികിത്സാ കേന്ദ്രത്തിലോ ആണ് നിലവിൽ രോഗികളെ എത്തിക്കുന്നത്. പാരിപ്പള്ളി ഗവ. മെഡി. കോളേജിൽ കൊവിഡ് ചികിത്സയുണ്ടെങ്കിലും അതീവ ഗുരുതരാവസ്ഥയിലുള്ളവർക്ക് മാത്രമാണ് പ്രവേശനം.