ആലപ്പുഴ: പെട്രോൾ പമ്പിൽ നിന്ന് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 13.63 ലക്ഷം രൂപ ബൈക്കിലെത്തി തട്ടിയെടുത്ത രണ്ടംഗ സംഘത്തിനായുള്ള അന്വേഷണം പൊലീസ് ശക്തമാക്കി. ആലപ്പുഴയിലെയും പരിസരത്തെയും സ്ഥിരം കവർച്ചാ സംഘങ്ങളെയും പിടിച്ചുപറിക്കാരെയും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
കലവൂർ വടക്ക് നടേശ് ഫ്യൂവൽസിലെ ജീവനക്കാരൻ എസ്.പൊന്നപ്പനെ(67) തടഞ്ഞുനിർത്തിയാണ് 13,63,000 രൂപ കവർന്നത്. ദേശീയപാതയിൽ ചെറിയ കലവൂർ ക്ഷേത്രത്തിന് വടക്ക് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പെട്രോൾ പമ്പിലെ മൂന്നു ദിവസത്തെ കളക്ഷൻ ബാഗിലാക്കി സൈക്കിളിന്റെ പിന്നിൽ വച്ച് പൊന്നപ്പൻ കലവൂർ ജംഗ്ഷനിലെ ബാങ്കിലേക്ക് പോവുകയായിരുന്നു.
പമ്പിൽ നിന്ന് 300 മീറ്ററോളം അകലെ തിരക്കൊഴിഞ്ഞ ഭാഗത്ത് വച്ചായിരുന്നു കവർച്ച. റോഡിന്റെ ഇടതു വശത്തുകൂടി പോവുകയായിരുന്ന പൊന്നപ്പനെ ബൈക്ക് യാത്രക്കാരായ രണ്ടംഗസംഘം തടയുകയും സൈക്കിളിന്റെ കാരിയറിൽ ഇരുന്ന പണമടങ്ങിയ ബാഗുമായി രക്ഷപ്പെടുകയുമായിരുന്നു. പൊന്നപ്പൻ ബഹളം വച്ചത് കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. ബൈക്കിൽ എത്തിയവർ ഹെൽമറ്റും ജാക്കറ്റും ധരിച്ചിരുന്നത് തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
സമീപത്തെ വ്യാപാരശാലകളിൽ സി.സി.ടി.വി ഇല്ലാത്തതും അന്വേഷണത്തിന് പ്രയാസം ഉളവാക്കിയിട്ടുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളിലെ കാമറ ദൃശ്യങ്ങളിൽ നിന്ന് ഇവരെ തിരിച്ചറിയാൻ പൊലീസ് ശ്രമം നടത്തിവരികയാണ്. മോഷ്ടാക്കൾ പെട്രോൾ പമ്പിൽ എത്തിയപ്പോൾ പൊന്നപ്പൻ പണവുമായി സൈക്കിളിൽ പോകുന്നത് കണ്ടതോടെ പിന്തുടർന്നതാകുമെന്ന നിഗമനത്തിലാണ് പൊലീസ്. സംശയം തോന്നിയ ചില ബൈക്കുകളുടെ വിവരങ്ങൾ പമ്പിലെ സി.സി.ടി.വി കാമറയിൽ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ബാങ്ക് അവധിയായതിനാൽ ഇത്രയും ദിവസത്തെ പൈസ ഒരുമിച്ച് ബാങ്കിൽ അടയ്ക്കാൻ പോകുമ്പോഴായിരുന്നു സംഭവം.