photo
തുരുമ്പ് എടുത്തു നശിക്കുന്ന കൊതിമുക്ക് റെയിൽവേ പാലം.

കരുനാഗപ്പള്ളി: കൊതിമുക്ക് വട്ടക്കായലിന് മീതേ ചവറ ടൈറ്റാനിയം ഫാക്ടറിയിലേക്ക് നിർമ്മിച്ച റെയിൽവേ പാലം തുരുമ്പെടുത്ത് നശിക്കാറായി. വട്ടക്കായലിന് കുറുകെ 7 സ്പാനുകളിലാണ് പാലം നിൽക്കുന്നത്. ഇരുമ്പ് തകിടുകളും കൂറ്റൻ ഗർഡറുകളും ഉപയോഗിച്ചാണ് പാലം നിർമ്മിച്ചിരിക്കുന്നത്. വർഷങ്ങളായി അറബിക്കടലിൽ നിന്ന് വീശുന്ന ഉപ്പ് കാറ്റേറ്റ് ഇരുമ്പ് തകിടുകളും ഗർഡറുകളും തുരുമ്പെടുത്ത നിലയിലാണ്. ഈ നില തുടർന്നാൽ അധികം വൈകാതെ പാലം കായലിൽ തകർന്ന് വീഴും. പാലം നിർമ്മിച്ചതിന് ശേഷം ഒരിക്കൽ പോലും ഇരുമ്പ് പാളികളിൽ പെയിന്റ് അടിച്ചിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പാലമാണിത്. പാലത്തിന്റെ ഇരുമ്പ് പാളികൾ പെയിന്റ് അടിച്ച് സംരക്ഷിക്കാൻ കമ്പനി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കൽക്കരി വരവ് നിലച്ചതോടെ

പാലത്തിന് ശനിദശ

മൂന്നര പതിറ്റാണ്ടിന് മുമ്പാണ് കമ്പനി റെയിൽവേ വകുപ്പിന്റെ സഹായത്തോടെ റെയിൽപ്പാലം നിർമ്മിച്ചത്.ചവറ കെ.എം.എം.എൽ ഫാക്ടറിയുടെ തുടക്കത്തിൽ ആവശ്യമായ കൽക്കരി ട്രെയിൻ മാർഗം കൊണ്ട് വരുന്നതിന് വേണ്ടിയാണ് കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫാക്ടറിയിലേക്ക് റെയിൽപ്പാത നിർമ്മിച്ചത്. ഇതിനായി കെ.എം.എം.എൽ 42 ഏക്കർ സ്ഥലമാണ് നാട്ടുകാരിൽ നിന്ന് പൊന്നും വിലക്ക് വാങ്ങിയത്. റെയിൽപ്പാത കടന്ന് വരുന്ന സ്ഥലങ്ങളിൽ മൂന്ന് ചെറിയ പാലങ്ങളും കൊതിമുക്ക് റെയിൽവേ പാലവുമാണ് ഉള്ളത്. കെ.എം.എം.എൽ ദ്രവ ഇന്ധനം ഉപയോഗിച്ച് തുടങ്ങിയതോടെ കൽക്കരി കൊണ്ട് വരുന്നത് ഉപേക്ഷിച്ചു. ഇതോടെ റെയിൽപ്പാതയുടെ ശനിദശയും ആരംഭിച്ചു. കാലക്രമേണ ചെറിയ മൂന്ന് പാലങ്ങളും പൂർണമായും നശിച്ചു. ശേഷിക്കുന്ന കൊതിമുക്ക് റെയിൽവേ പാലവും തകർച്ചയുടെ വക്കിലാണ്.