c

കൊല്ലം: എസ്.എൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസ് ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് കൊവിഡ് സെന്ററാക്കാൻ ജില്ലാഭരണകൂടത്തിന്റെ നീക്കം. എസ്.എൻ ട്രസ്റ്റിന്റെ തന്നെ ഉടമസ്ഥതയിൽ തൊട്ടടുത്തുള്ള എസ്.എൻ സെൻട്രൽ സ്കൂൾ, നഴ്സിംഗ് കോളേജ്, കോർപ്പറേഷന് സമീപമുള്ള സഹോദര ഭവൻ ഹോസ്റ്റൽ എന്നിവ വിട്ടുനൽകാമെന്ന് ഉറപ്പുനൽകിയിട്ടും ലാ കോളേജ് വാശിയോടെ ഏറ്റെടുക്കാനാണ് നീക്കം.

കൊവിഡിന്റെ ആദ്യഘട്ട വ്യാപനത്തെ തുടർന്ന് 2020 മേയിൽ എസ്.എൻ ലാ കോളേജ് ജില്ലാ ഭരണകൂടം ഏറ്റെടുത്തിരുന്നു. ആദ്യം ക്വാറന്റയിൻ സെന്ററാക്കി. തുടർന്ന് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാക്കി. രോഗികൾ കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബറിലാണ് കോളേജ് ട്രസ്റ്റിന് കൈമാറിയത്. ഈ സമയത്തുനടന്ന ലാ കോളേജ് വിദ്യാർത്ഥികളുടെ സെമസ്റ്റർ പരീക്ഷകൾ ആദ്യം എസ്.എൻ വനിതാ കോളേജിൽ വച്ചാണ് നടത്തിയത്. അവിടെ കേരള സർവകലാശാലാ പരീക്ഷ തുടങ്ങിയതോടെ പുതിയ പരീക്ഷാകേന്ദ്രം കണ്ടെത്താൻ ലാ കോളേജ് അധികൃതർ ഏറെ ബുദ്ധിമുട്ടിയിരുന്നു. ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന പല പ്രധാനരേഖകളും എടുക്കാൻ കഴിയാതെയായി. കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകൾ നൽകാനും കഴിഞ്ഞില്ല. ഇത്തരത്തിൽ പല വിദ്യാർത്ഥികൾക്കും മറ്റ് കോഴ്സുകൾക്കുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.

മാനേജ്മെന്റ് പറയുന്നത്

നേരത്തേ എറ്റെടുത്തപ്പോൾ കോളേജിലെ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റ്, നിരീക്ഷണ കാമറ, എയർ കണ്ടീഷൻ, കമ്പ്യൂട്ടറുകൾ തുടങ്ങിയ സംവിധാനങ്ങൾ നശിപ്പിച്ചു. കെട്ടിടത്തിനും കേടുപാടുണ്ടായി. അടുത്തിടെ ആറുലക്ഷം രൂപ ചെലവഴിച്ചാണ് ഇവയുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. ഇപ്പോൾ മാറ്റിവച്ച എൽഎൽ.ബി പരീക്ഷകൾ വൈകാതെ നടക്കാൻ സാദ്ധ്യതയുള്ളതിനാലാണ് ലാ കോളേജ് വിട്ടുനൽകാൻ കഴിയില്ലെന്ന് മാനേജ്മെന്റ് പറയുന്നത്. ആദ്യവ്യാപന ഘട്ടത്തിൽ തൊട്ടടുത്തുള്ള മറ്റ് മാനേജ്മെന്റുകളുടെ കോളേജുകൾ ഏറ്റെടുക്കുമെന്ന് പറഞ്ഞെങ്കിലും തൊട്ടില്ല. ഇപ്പോഴും ഏറെ സൗകര്യങ്ങളുള്ള മറ്റ് കോളേജുകൾ ഏറ്റെടുക്കാൻ ജില്ലാഭരണകൂടം തയ്യാറാകുന്നില്ല.

നേരത്തേ കോളേജ് ഏറ്റെടുത്തപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാക്കിയത്. ഇപ്പോൾ അവിടെ പരീക്ഷ നടക്കാൻ പോവുകയാണ്. ഈ സാഹചര്യത്തിലും ലാ കോളേജ് തന്നെ ഏറ്റെടുക്കണമെന്ന ദുർവാശിയാണ് ചിലർക്ക്. ഞങ്ങൾ എന്ത് സഹായവും ചെയ്യാൻ തയ്യാറാണ്. ലാ കോളേജിന് പകരം തൊട്ടടുത്തുള്ള നഴ്സിംഗ് കോളേജ് അടക്കമുള്ള സ്ഥാപനങ്ങൾ വിട്ടുനൽകാമെന്ന് പറഞ്ഞു. എന്നിട്ടും വാശി കാണിക്കുകയാണ്. എസ്.എൻ.ഡി.പി യോഗവും എസ്.എൻ ട്രസ്റ്റും അനാഥപ്രേതം പോലെയാണെന്ന തെറ്റിദ്ധാരണയാണ് ചിലർക്ക്. മറ്റ് സ്ഥാപനങ്ങൾ ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണ്.

വെള്ളാപ്പള്ളി നടേശൻ, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി