2020 - 21ൽ ലാഭം 112 കോടി
കൊല്ലം: കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കെ.എം.എം.എൽ 2020-21ൽ 112 കോടി രൂപ ലാഭവും 783 കോടിയുടെ വിറ്റുവരവും സ്വന്തമാക്കിയെന്ന് മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് അറിയിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളിലായി 530 കോടി രൂപയുടെ ലാഭമാണ് സ്ഥാപനം കൈവരിച്ചതെന്ന് ചെയർമാൻ ഡോ. കെ. ഇളങ്കോവൻ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവർഷത്തിൽ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയ സ്ഥാപനമാണ് കെ.എം. എം.എൽ.
ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റ് 260 ടൺ ഉത്പാദനം നടത്തി 50 ലക്ഷം രൂപയുടെ പ്രവർത്തനലാഭമാണ് നേടിയത്. 3.44 കോടിയുടെ ലാഭവുമായി മിനറൽ സെപ്പറേഷൻ യൂണിറ്റും മികവിലാണ്. കമ്പനിയുടെ തനത് ഫണ്ടിൽ നിന്ന് 120 കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്. കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന 'ഫ്രോത്ത് ഫ്ലോട്ടേഷൻ' നടപ്പാക്കി. എൽ.പി.ജിക്കു പകരം എൽ.എൻ.ജി ഇന്ധനമാക്കി. ഇത് ഉത്പാദനച്ചെലവ് കുറയ്ക്കാൻ സഹായിച്ചു.
30 കോടിയോളം രൂപയുടെ വിവിധ പദ്ധതികൾ നടന്നുവരുകയാണ്. കൊച്ചിയിൽ നിന്ന് ഇന്ധനം എത്തിക്കുന്നതിനുള്ള ബാർജ് പൈപ്പ്ലൈൻ, കൂളിംഗ് ടവർ, ദ്രവീകൃത നൈട്രജൻ സ്റ്റോറേജ്, പുതിയ ബോയിലർ പ്ലാന്റ്, ഊർജക്ഷമത കൂടിയ ടിക്കിൾ പ്രീഹീറ്റർ തുടങ്ങിയവയുടെ നിർമ്മാണം തുടങ്ങിയവ പുരോഗമിക്കുകയാണ്. സൊസൈറ്റി വഴി കരാറടിസ്ഥാനത്തിൽ ജോലി ചെയ്തുവന്ന 733 ലാപ്പാ തൊഴിലാളികളെ കമ്പനിയുടെ നേരിട്ടുള്ള കരാർ തൊഴിലാളികളായി താത്കാലികാടിസ്ഥാനത്തിൽ നിയമിച്ചതും 2019-20ലെ സംസ്ഥാന ഊർജ സംരക്ഷണ അവാർഡ് കരസ്ഥമാക്കിയതും മുതൽക്കൂട്ടായി.
കൊല്ലം പാരിപ്പള്ളി മെഡി. കോളേജിൽ കൊവിഡ് സെന്റർ സജ്ജമാക്കുന്നതിന് 50 ലക്ഷം രൂപയാണ് നൽകിയത്. കൊവിഡ്, പ്രളയം തുടങ്ങിയവയിൽ നിന്ന് നാടിനെ കരകയറ്റാൻ 2 കോടി രൂപ വീതവും ഓഖി കാലത്ത് 5 കോടി രൂപയും നൽകി. സുഭിക്ഷ കേരളം പദ്ധതിപ്രകാരം കമ്പനിയുടെ തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കിയെന്നും മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് വ്യക്തമാക്കി.
70 ടൺ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങി
നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ 70 ടൺ ഓക്സിജൻ പ്ലാന്റ് പ്രവർത്തനം തുടങ്ങി. സ്ഥാപനത്തിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി വിതരണം ചെയ്യുന്നുണ്ട്. പുറത്തു നിന്ന് ഓക്സിജൻ വാങ്ങുന്നത് ഒഴിവായതോടെ വർഷം 10 കോടിയോളം രൂപ ലാഭിക്കാം. ഒക്ടോബറിൽ പ്രവർത്തനം തുടങ്ങിയ പ്ലാന്റിൽ നിന്ന് ഇതുവരെ 1029 ടൺ ഓക്സിജൻ മെഡിക്കൽ ആവശ്യത്തിനായി വിതരണം ചെയ്തു. മാസം 200 ടണ്ണോളം ഓക്സിജൻ ഇത്തരത്തിൽ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.