g
കുത്തി പൊളിച്ചിട്ടിരിക്കുന്ന ശബരി പാത

പത്തനാപുരം : കോടികൾ ചെലവഴിച്ച് റോഡ് നവീകരിച്ചിട്ട് അധികനാളായില്ല,​ അപ്പോഴേക്കും വാട്ടർ അതോറിറ്റിയുടെ വക കുത്തിപ്പൊളിക്കലും കഴിഞ്ഞു.പത്തനാപുരം - കുന്നിക്കോട് ശബരി പാത,​ പഞ്ചായത്ത് പടി - ആലവിള എന്നീ റോഡുകളാണ് പൈപ്പ് ലൈൻ മാറ്റലിന്റെ പേരിൽ ജെ.സി.ബി ഉപയോഗിച്ച് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത്. രണ്ട് റോഡുകളും ടാറിംഗ് ചെയ്തിട്ട് അധികമായില്ല. ഏറെ നാൾ തകർന്ന് കിടന്ന കുന്നിക്കോട് -പത്തനാപുരം റോഡ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ആധുനിക രീതിയിൽ ടാറിംഗ് നടത്തിയത് അടുത്ത കാലത്താണ്. തമിഴ്നാട്,​ തിരുവനന്തപുരം മേഖലയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ കൂടുതലായി കടന്നുപോകുന്ന പാതയ്ക്ക് ശബരിപാതയെന്ന പേരും നൽകി.

നിർദ്ദേശങ്ങൾ പാലിക്കാതെ

ശബരി പാത മീറ്ററുകളോളം വെട്ടിപൊളിച്ചിട്ടുണ്ട്. പൊളിക്കുന്ന ഭാഗം മണ്ണിട്ട് നികത്തും. മണ്ണ് നികത്തിയ ഭാഗം വലിയ കുഴികളായി മാറി മഴക്കാലത്ത് വെള്ളക്കെട്ടാകും. അപകടങ്ങളുണ്ടാകാൻ അതുതന്നെ ധാരാളം. ടാറിംഗ് റോഡുകൾ വെട്ടിപൊളിക്കരുതെന്ന് ജല അതോറിറ്റിയ്ക്കും ടെലിഫോൺ വകുപ്പുകൾക്കും പൊതുമരാമത്ത് വകുപ്പ് കൾശന നിർദ്ദേശം നൽകിയിരുന്നു.എന്നാൽ ആ നിർദ്ദേശമൊന്നും പാലിക്കപ്പെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നാട്ടുകാർ പ്രതിഷേധത്തിൽ

പഞ്ചായത്ത് ജംഗ്ഷൻ,​മൂലക്കട,​ ബാവാ സാഹിബ് കോളനി,​ ആലവിള എന്നിവിടങ്ങളിലേക്ക് ജല വിതരണത്തിനുള്ള പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനാണ് ഇപ്പോൾ നടക്കുന്ന കുഴിയെടുപ്പ്. റോഡ് ടാറിംഗിന് മുൻപായി പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാമെന്നിരിക്കെ റോഡ് ടാറിംഗിന് പിന്നാലെ നടത്തുന്ന കുഴിയെടുപ്പിൽ ജനങ്ങൾക്ക് എതിർപ്പുണ്ട്. റോഡ് വെട്ടിപൊളിച്ച് പല ഭാഗവും ഇപ്പോൾ തന്നെ വലിയ കുഴികളായി മാറിയിട്ടുണ്ട്. റോഡ് വെട്ടിപ്പൊളിച്ച ഭാഗം നിരപ്പാക്കി ടാറിംഗ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡ് വശങ്ങളിൽ അശാസ്ത്രീയമായി പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരിക്കുന്നത് ഒഴിവാക്കിയാൽ റോഡ് തകർച്ച പരിഹരിക്കാൻ കഴിയും.

ഫാറൂഖ് മുഹമ്മദ് .

(ഗ്രാമ പഞ്ചായത്ത് അംഗം)

ഗുണനിലവാരമുള്ളതും കൂടുതൽ കണക്ഷനുകൾ നൽകാൻ കഴിയുന്നതുമായ പൈപ്പുകൾ സ്ഥാപിച്ചാൽ അടിക്കടിയുള്ള കുഴിയെടുപ്പ് ഒഴിവാക്കാം.

ചേത്തടി ശശി, (പൊതുപ്രവർത്തകൻ)